തിരുവനന്തപുരം: ഏറക്കാലം വാടാതെ നില്‍ക്കുന്ന പൂവും വെള്ളവും ആവശ്യമില്ലാത്ത ഗാര്‍ഡനും ശാസ്ത്ര നഗരിയില്‍. കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ഷവര്‍ ഓര്‍ക്കിഡ് എന്ന അലങ്കാരച്ചെടിയാണ് ബാലശാസ്ത്ര കോണ്‍ഗ്രസിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റാളിന്‌റെ ആകര്‍ഷണം. നമുക്ക് ഏറെ സുപരിചിതമായ തുമ്പയുടെയും തുളസിയുടെയും കുടുംബത്തില്‍പ്പെട്ടതാണെങ്കിലും കേരളത്തില്‍ ഷവര്‍ ഓര്‍ക്കിഡിനെ അങ്ങനെ കാണാന്‍ കിട്ടില്ല.
വള്ളിച്ചെടിയില്‍ നിന്ന് തുടങ്ങി കാടുപോലെ പടര്‍ന്ന് പന്തലിക്കുന്നതാണ് ഷവര്‍ ഓര്‍ക്കിഡിന്റെ രീതി. പൂക്കള്‍ മഴപോലെ പൊഴിക്കുന്നതുകൊണ്ടാണ് ഷവര്‍ ഓര്‍ക്കിഡ് എന്ന പേര് ഇതിന് കിട്ടിയത്. കോന്‍ജ്ജിയ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഇവയുടെ പൂക്കള്‍ ഏറെക്കാലും വാടാതെ നില്‍ക്കുമെന്നതാണ് പ്രത്യേകത. ഈ പൂക്കള്‍ വാള്‍ പേപ്പര്‍ പോലെ ചുവരില്‍ എത്ര നാള്‍ വേണമെങ്കിലും ഒട്ടിച്ചുവെക്കാം. വൈലറ്റ് നിറമുള്ള ഈ പൂക്കള്‍ക്ക് പക്ഷേ മണമുണ്ടാകില്ല.
ചെടി നനക്കാതെയും പൂന്തോട്ടം ഒരുക്കാമെന്നും കേരള സര്‍വകലാശാലയുടെ റോക്ക് ഗാര്‍ഡന്‍ കാണിച്ചു തരുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നട്ടിരിക്കുന്ന ചെടികള്‍ എല്ലാം തന്നെ അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പം സ്വീകരിച്ച് വളരുന്നവയാണ്. അതുകൊണ്ട് തന്നെ വെള്ളം ഒഴിച്ചുകൊടുക്കേണ്ട കാര്യമില്ല. ദശപുഷ്പത്തെയും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ജപ്പാനിലെ തനതു രീതിയില്‍ തയ്യാറാക്കിയ ‘കോക്കോഡോമ’ ഇന്റോര്‍ ചെടികളുടെ പ്രദര്‍ശനമാണ് മറ്റൊരു ആകര്‍ഷണം.