തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റേയും വനിതാ ശിശുവികസന വകുപ്പിന്റേയും കീഴിലുള്ള വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെ നിരീക്ഷിച്ച് ശക്തമായ ഇടപെടലുകളിലൂടെ അവ കുറ്റമറ്റതാക്കുമെന്ന് ആരോഗ്യ, വനിതാ ശിശുവികസന, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതത് സ്ഥാപനങ്ങളിലെ മേധാവികള്‍ അവിടത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിനാവശ്യമായ കൃത്യമായ പദ്ധതികളും മാസ്റ്റര്‍പ്ലാനും തയ്യാറാക്കി അതത് വകുപ്പിന് സമര്‍പ്പിക്കണം. മുമ്പൊക്കെ ഇടപെടല്‍ തീരെയില്ലാതിരുന്ന മേഖലകളില്‍ പുതിയ പദ്ധതികളിലൂടെ മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലേയും സര്‍ക്കാര്‍ ധനസഹായത്തോടുകൂടി സന്നദ്ധ സംഘടനകള്‍ നടത്തുന്ന അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ്-2018 ‘വര്‍ണ ചിറകുകള്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.