ഇഎസ്‌ഐ ആശുപത്രികളിലെ ഡോക്ടർമാരുടെ കുറവ് നികത്തുന്നതു സംബന്ധിച്ച പരിശോധനകൾ നടത്താൻ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അജിത നായർ, സബ് റീജണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഡി.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ടീമിനെ നിയോഗിച്ചു. ചെയർമാൻകൂടിയായ തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ഇഎസ്‌ഐ കോർപ്പറേഷൻ റീജണൽ ബോർഡ് യോഗത്തിലാണ് തീരുമാനം. തോട്ടടയിലെയും ഫറൂക്കിലെയും ഇഎസ്‌ഐ ആശുപത്രികൾ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളായി ഉയർത്തണമെന്നാണ് സർക്കാരിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഇഎസ്‌ഐ കോർപ്പറേഷനിൽ ഇതുവരെ ലഭിച്ചിച്ചിട്ടുള്ള മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് നൽകാനും തീരുമാനമായി. സെപ്ഷലിസ്റ്റ് ഡോക്ടർമാരുടെ അഭാവമുള്ള ഇഎസ്‌ഐ ആശുപത്രികളിൽ റിട്ടയർ ചെയ്ത ഡോക്ടർമാരുടെ സേവനം താത്കാലികമായി ഏർപ്പെടുത്തുന്നതിനും തീരുമാനമായി.
വൈസ് ചെയർമാനായ തൊഴിലും നൈപുണ്യവും അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, അംഗങ്ങളായ ഡോ. അജിത നായർ, ഡോ.ഒ.ദേവദാസൻ, കെ.സുരേഷ് ബാബു, എൻ.പത്മലോചനൻ, വി.രാധാകൃഷ്ണൻ, ഡി.രവീന്ദ്രനാഥ്, പി.ജെ.ജോയ്, ഇ.ബെഞ്ചമിൻ, എം.എ.അബ്ദുറഹിമാൻ, വി.ലൂർത്തു, ഡി.പ്രശാന്ത്, സി.ജി.ജോസ് മാർട്ടിൻ, മെമ്പർ സെക്രട്ടറി ടി.എം.ജോസഫ്, പ്രത്യേക ക്ഷണിതാക്കളായ ഡോ.കരൺ സിംഗ് സോളങ്കി, ഡോ.എസ്.നീന, ഡോ.പി.കെ.ജെയിൻ എന്നിവർ പങ്കെടുത്തു.