ശബരിമല:ഇക്കുറി അയ്യനെ തൊഴുതപ്പോള്‍ 74 വയസുള്ള ഈ മാളികപ്പുറം ആദ്യം പ്രാര്‍ഥിച്ചത് ഇതാണ്:’അടുത്തകൊല്ലവും തിരുനടയിലെത്തി അയ്യപ്പസ്വാമിയെ കണ്‍നിറയെക്കണ്ട് തൊഴാന്‍ അനുഗ്രഹിക്കണേ.അങ്ങനെ 25 കൊല്ലം തുടരെ ഇരുമുടിയുമായി മലചവിട്ടാനുള്ള അപൂര്‍വ്വ ഭാഗ്യം നല്‍കണേ’.

ഇത് തമിഴ്നാട് ആര്‍ക്കോണം ജ്യോതിനഗറിലെ ജവഹര്‍നഗറില്‍ താമസിക്കുന്ന സീതാലക്ഷ്മി.50 വയസുമുതല്‍ തുടരെ 24 വര്‍ഷമായി അയ്യപ്പസന്നിധാനത്ത് വ്രതം നോറ്റെത്തുന്ന മാളികപ്പുറം.നിനച്ചിരിക്കാതെ കൈവന്ന അസുലഭ ഭാഗ്യമാണ് സീതാലക്ഷ്മിക്ക് ആദ്യ അയ്യപ്പദര്‍ശനം.

1994-95ലെ ശബരിമല തീര്‍ത്ഥാടനകാലത്ത് സീതാലക്ഷ്മിയുടെ മകന്‍ ഗോപാലകൃഷ്ണന്റെ മാലയിടല്‍ ചടങ്ങ് നടക്കുകയായിരുന്നു.വീട്ടില്‍ നടന്ന ചടങ്ങില്‍ ഗുരുസ്വാമി ഗോപാലകൃഷ്ണന് മാലയിടാന്‍ തുടങ്ങിയതും  കറന്റ് പോയി. ചുറ്റും ഇരുട്ടു പരക്കുമ്പോള്‍ ഗുരുസ്വാമി പൂജിച്ച മാല ഇട്ടു. എന്നാല്‍ മാല വീണത്  ഗോപാലകൃഷ്ണന്റെ കഴുത്തിലല്ല;അമ്മ സീതാലക്ഷ്മിയുടെ കഴുത്തില്‍.അത് അയ്യപ്പ ഭഗവാന്റെ  പ്രത്യേക നിയോഗമായി കരുതിയ സീതാലക്ഷ്മി അന്നുമുതല്‍ പിന്നീടിങ്ങോട്ട് ഒരിക്കല്‍ പോലും ശബരിമല ദര്‍ശനം മുടക്കിയിട്ടില്ല.

വരും തീര്‍ത്ഥാടന കാലത്ത്  അയ്യപ്പ  ദര്‍ശനത്തിന്റെ കാല്‍ നൂറ്റാണ്ട് തികക്കും എന്നതില്‍ ഉറച്ച വിശ്വാസം.’ആ മുഖത്തേക്ക് നോക്കിയാല്‍ തന്നെ ദു:ഖം തീരുകയല്ലേ…. വിഷമങ്ങള്‍ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. എല്ലാവര്‍ക്കും തോന്നുന്ന പോലെ തന്നെ എന്റെ സ്വന്തംവീട്ടിലെ ആളെ പോലെയാണ് എനിക്കും എന്റെ അയ്യപ്പന്‍ ‘.മാളികപ്പുറം പറഞ്ഞുതീരില്ല,അയ്യനെക്കുറിച്ച്.

ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പമാണ് സീതാലക്ഷ്മിയുടെ തീര്‍ത്ഥാടനം.ഇവിടെയൊരുക്കിയിട്ടുള്ള ക്രമീകരണങ്ങളില്‍ മതിപ്പേറെയാണിവര്‍ക്ക്.പ്രത്യേകിച്ച് പൊലീസില്‍.”കണ്ണടച്ച് പൊലീസിനെ വിശ്വസിക്കാം.സ്വന്തം അമ്മയെപ്പോലെയാണവര്‍ നോക്കുന്നത്.എന്തു സഹായവും ചെയ്തുതരും.പണമടക്കം വിശ്വസിച്ചേല്‍പ്പിച്ച് പതിനെട്ടാംപടി കയറിയിട്ടുണ്ട്.ഒരു കുഴപ്പവുമുണ്ടായിട്ടില്ല’-സീതാലക്ഷ്മി പറഞ്ഞു.

കുടിവെള്ളം,ഭക്ഷണം,ടോയ്ലറ്റ് സൗകര്യങ്ങള്‍ ഒക്കെ തികച്ചും തൃപ്തികരമെന്ന് പറഞ്ഞ്
ശരണം വിളിയോടെ  സീതാലക്ഷ്മി സന്നിധാനത്തോട് തത്കാലത്തേക്ക് യാത്ര പറഞ്ഞു.