ക്രമക്കേടുകള്‍ കണ്ടെത്തി;പഴകിയ ഭക്ഷ്യവസ്തുക്കള്‍  പിടികൂടി

ശബരിമല:സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍.സജികുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലും   നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി.

പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മിക്കവയ്ക്കും ഹെല്‍ത്ത് കാര്‍ഡില്ലെന്ന് കണ്ടെത്തി.ഇവയ്ക്ക് കര്‍ശന താക്കീത് നല്‍കി.പഴകിയ എണ്ണയും പഴങ്ങളും മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്ത് ഹോട്ടല്‍ നടത്തിപ്പുകാരെക്കൊണ്ട് തന്നെ നശിപ്പിച്ചു.ഇവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ക്ക് നീക്കം തുടങ്ങി.

അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും വിലയിലും കൃത്രിമം കാട്ടിയ കടകള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കും.പാത്രങ്ങളും ചെരുപ്പുകളും വില്‍ക്കുന്ന കടകളിലാണ് പരിശോധന നടന്നത്.കൂടുതലും ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയാകുന്നതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍.സജികുമാര്‍ പറഞ്ഞു.

വന്‍ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തില്‍ വിരിവയ്പ്പ് ഇടങ്ങളിലും ടോയ്ലറ്റുകളിലും പരിശോധന നടത്തിയ സ്‌ക്വാഡ് ക്‌ളീനിംഗ് സൂപ്പര്‍വൈസര്‍മാരുടെയും സാനിറ്റേഷന്‍ സൊസൈറ്റിയുടെയും സേവനം ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നിര്‍ദേശിച്ചു.പുകവലിക്കാര്‍ക്ക് കര്‍ശന താക്കീതും നല്‍കി.

ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യു,ലീഗല്‍ മെട്രോളജി,ഹെല്‍ത്ത്,റേഷനിംഗ്,എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റവന്യു ഇന്‍സ്പെക്ടര്‍ ബിജു അറിയിച്ചു.