ശബരിമല:പുതുവത്സരത്തോടനുബന്ധിച്ച്  ശബരീശനെ  തൊഴാന്‍  ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം വൈകിട്ട് ഏഴുമണി വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് അയ്യനെ കാണാന്‍ മല ചവിട്ടിയത്. പമ്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ  1050 പേരുമാണ്  ഏഴു മണി വരെ  ദര്‍ശനത്തിനെത്തിയതെന്ന് പൊലീസ് അറിയിച്ചു.

മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീര്ഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പമ്പയില്‍നിന്ന് 22009 പേരും പുല്‍മേട്ടില്‍ നിന്ന് 989 പേരും ദര്‍ശനത്തിനെത്തിയതായാണ് ആദ്യ കണക്കുകള്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടങ്ങിയ തിരക്ക് നേരം വൈകുംതോറും വര്‍ധിക്കുകയാണ്.ദീപാരാധന സമയത്ത് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു.നെയ്യഭിഷേകത്തിനും  വലിയ തിരക്കുണ്ടായി.പുതുവര്‍ഷപ്പുലരിയില്‍ അയ്യനെ തൊഴാന്‍ സന്നിധാനത്ത് തുടരുകയാണ് പലതീര്‍ത്ഥാടകരും.

തിരക്ക് അധികമായതോടെ പൊലീസ് സുരക്ഷ ഏര്‍പ്പാടുകള്‍ കൂടുതല്‍ ശക്തമാക്കി. മണ്ഡലകാലത്തെ  പോലെ തന്നെ തന്നെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. തമിഴ്നാട് റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ ചൊവ്വാഴ്ച വൈകിട്ട് ശബരിമല ദര്‍ശനത്തിനെത്തി.