പ്രളയവേളയിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലെന്ന പോലെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലും പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. ലോകകേരള സഭയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് നടന്ന മേഖലാതല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കുന്നതിലും വിദേശരാജ്യങ്ങളിലെ ഭരണകൂടങ്ങളെ അതിനായി പ്രേരിപ്പിക്കുന്നതിലും വലിയ പങ്കാണ് പ്രവാസി മലയാളികൾ ചെയ്തത്. നവകേരള നിർമാണത്തിന്റെ കാര്യത്തിലും നിർലോഭമായ സഹകരണം പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടാവണം.
പുനർനിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സമാഹരണത്തിൽ മാത്രമല്ല അവരിൽ നിന്നുള്ള സഹായമുണ്ടാവേണ്ടത്. അതോടൊപ്പം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിലും ദുരന്തങ്ങളെ അതിജീവിക്കാനുതകുംവിധമുള്ള സാങ്കേതികവിദ്യകൾ പുനർനിർമാണ പ്രവർത്തനങ്ങളിൽ അനുവർത്തിക്കുന്നതിലും പ്രവാസികളുടെ അനുഭവങ്ങളും സാങ്കേതികജ്ഞാനവും സഹായകമാവും. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ആളുകൾ മുതൽ ദുരന്തനിവാരണ മേഖലയിലെ വിദഗ്ധർ വരെയുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇതിനായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിനൊപ്പം ദുരന്തത്തിന്റെ കെടുതികൾക്കിരയായ കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളും നടക്കേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഡോ. ചൈതന്യ ഉണ്ണി പറഞ്ഞു. വിദഗ്ധരായ മാനസികാരോഗ്യവിദഗ്ധരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താനാവുമെന്നും അവർ അറിയിച്ചു.
ബാംഗ്ലൂർ പോലുള്ള ലക്ഷക്കണക്കിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ നിന്ന് കേരളത്തിന്റെ പുനർനിർമാണത്തിനാവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാൻ ചിട്ടയാർന്ന ശ്രമങ്ങൾ നടക്കേണ്ടതുണ്ടെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മഴക്കാലത്ത് വെള്ളപ്പൊക്കവും അതിനുശേഷം കുടിവെള്ളക്ഷാമവും അനുഭവിക്കുന്ന പ്രദേശമായി കേരളം മാറിയിരിക്കുകയാണ്.
പരമാവധി മഴവെള്ളം ഭൂമിക്കടിയിലേക്ക് താഴ്ത്തി ഭൂഗർഭജലവിതാനം വർധിപ്പിക്കുന്നതിന് പുഴകളിൽ തടയണകൾ കെട്ടുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണം. മണ്ണൊലിപ്പ് തടയുന്നതിനുള്ള ശാസ്ത്രീയമായ രീതികൾ അവലംബിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മേഖലാ യോഗത്തിൽ മന്ത്രിമാരായ എ സി മൊയ്തീൻ, കെ കൃഷ്ണൻകുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: വി. വേണു, ഊർജ വകുപ്പ് സെക്രട്ടറി ഡോ: ബി അശോക്, ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.