ലോക കേരളവും കലാസാംസ്‌കാരിക രംഗവും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി. 36 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മലയാളം മിഷൻ പ്രവർത്തങ്ങൾ ഏറെ ആവേശകരമാണെന്ന് പ്രതിനിധികൾ പറഞ്ഞു. പതിനെട്ട് പ്രതിനിധികൾ സംസാരിച്ച യോഗത്തിൽ സാംസ്‌കാരിക മന്ത്രി എ. കെ ബാലൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
മലയാളം ഇന്റർനാഷണൽ ലാംഗ്വേജ് കോൺഫറൻസ് അടുത്തവർഷം ജർമ്മനിയിൽ നടത്തണമെന്ന് ആവശ്യവുമായാണ് ജർമൻ പ്രതിനിധി എത്തിയത്. വിദേശരാജ്യങ്ങളിൽ മലയാളം ഫിലിം ഫെസ്റ്റിവൽ ആവശ്യം യോഗത്തിൽ പ്രധാനമായും ഉയർന്നുവന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ പോലെ കേരള കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ സ്ഥാപിക്കുക, ആഗോളതലത്തിൽ സാംസ്‌കാരിക വിനിമയ കേന്ദ്രം, നമ്മുടെ സാംസ്‌കാരിക -കലാരംഗത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് പരിചയപ്പെടുത്താനായി സാംസ്‌കാരിക ജാഥ സംഘടിപ്പിക്കുക, സംഗീത നാടക അക്കാദമിയുടെ ചാപ്റ്ററുകൾ പുന:സ്ഥാപിക്കുക, വിദേശ യൂണിവേഴ്സിറ്റികളിൽ മലയാളം പഠിക്കാനുള്ള സാഹചര്യം ഒരുക്കുക തുടങ്ങിയവ ചർച്ചയായി. മലയാളഭാഷ പഠിക്കാനുള്ള ഓൺലൈൻ കോഴ്സ് വേണമെന്ന് പോളണ്ടിൽ നിന്ന് എത്തിയ മിഥുൻ മോഹൻ ആവശ്യപ്പെട്ടു.
ആഫ്രിക്കൻ പ്രതിനിധിയായി സംസാരിച്ച ടാൻസാനിയയിൽ നിന്നുള്ള സോമി സോളമൻ ഉന്നയിച്ച ആവശ്യം യോഗത്തിൽ ശ്രദ്ധേയമായി. ആഫ്രിക്കൻ കുടിയേറ്റം ആരംഭിച്ചിട്ട് 50 വർഷമായെങ്കിലും അത് ഇതുവരെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല. ഇതിനുള്ള മുൻകൈ സർക്കാർ ഒരുക്കണമെന്ന് ആവശ്യമാണ് അവർ ഉന്നയിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് പുറമേ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.