ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസ് വേണമെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ലോക കേരള സഭയിൽ ആവശ്യമുന്നയിച്ചു. അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലെത്തേണ്ട സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് അവർ ഏറെയും പങ്കുവച്ചത്. നാട്ടിലേക്കുള്ള വിമാന സർവീസുകളുടെ അഭാവം ഉടൻ പരിഹരിക്കണമെന്നും കൊച്ചിയിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സജീവ സാന്നിധ്യം കൊണ്ട് ലോക കേരള സഭ ശ്രദ്ധേയമായി.എട്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിഷയാടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഗതാഗത മന്ത്രി സി.കെ. ശശീന്ദ്രൻ, ജലവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. മൊസാമ്പിക്ക്, ബോട്ട്സ്വാനിയ, അംഗോള, കെനിയ, സാംബിയ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളായ മലയാളികളാണ് ചർച്ചയിൽ പ്രധാനമായും പങ്കെടുത്തത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം നീറ്റ് പോലുള്ള പ്രവേശന പരീക്ഷയെഴുതുബോൾ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ട് എന്നും അത് പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ വേണമെന്നും അവസരങ്ങളും വെല്ലുവിളികളും ചർച്ചയായ യോഗത്തിൽ അവർ ആവശ്യപ്പെട്ടു.
ഓവർസിസ് സിറ്റിസൺ രെജിസ്ട്രേഷൻ സംബന്ധിച്ച് സർക്കാർ സ്ഥാപനങ്ങൾക്ക് പോലും വ്യക്തമായ ധാരണയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി പറഞ്ഞു. കൂടാതെ അവിടെ നിന്ന് മെഡിക്കൽ വിദ്യഭ്യാസം പൂർത്തിയാക്കി വരുന്നവർക്കുള്ള അക്രഡിറ്റേഷൻ നേടുന്നതിൽ നിലവിിൽ പ്രയാസം നേരിടുന്നുണ്ട്. കൂടാതെ നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കണമെന്ന ആവശ്യവും മുഴുവൻ അംഗങ്ങളും ഉന്നയിച്ചു. മലയാളം മിഷൻ കോഴ്സുകൾക്ക് ആവശ്യമായ അംഗീകാരം, ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ട്രേഡ് ഫേയറുകളിൽ സംസ്ഥാനത്തിന്റെ സാന്നിധ്യം, സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പോലുള്ള പദ്ധതികൾ എന്നിവയും യോഗത്തിൽ ചർച്ചയായി.
ടൂറിസം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ സംസ്ഥാനത്തിനുള്ള സാധ്യതകൾ യോഗത്തിൽ ഉയർന്നുവന്നു. ആധുനിക ചികിത്സാ സംവിധാനം അത്രത്തോളം ലഭ്യമല്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ രോഗികൾക്ക് ആയുർവേദം മുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ വരെ ലഭ്യമാക്കാൻ നമുക്ക് സാധിക്കും. കശുവണ്ടി കൃഷിക്കായി ഹൈടെക് കൃഷിയിടങ്ങൾ ഒരുക്കാൻ മൊസമ്പിക്ക് പോലുള്ള രാജ്യങ്ങളിൽ ധാരാളം അവസരങ്ങൾ ഉണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, ലോക കേരള സഭ സെക്രട്ടറിയേറ്റ് പ്രതിനിധി വി.എം. സുനിൽ, മുൻ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.