കേരളത്തിൽ നിന്നും പശ്ചാത്യ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, പാശ്ചാത്യ ഭാഷാ പ്രാവീണ്യം സംബന്ധിച്ച വിഷയങ്ങൾ, തൊഴിൽ പരമായ പ്രശ്നങ്ങൾ എന്നിവ ലോക കേരള സഭയുടെ രണ്ടാം ദിനത്തിൽ ചർച്ചാ വിധേയമായി. പാഠ്യപദ്ധതിയുടെ നവീകരണം, ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡ് പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, ആധാർ / പാൻ കാർഡ് ലഭിക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകൾ, പ്രവാസികളുടെ ഒറ്റപ്പെട്ട് പോകുന്ന മാതാ പിതാക്കളുടെ സംരക്ഷണത്തിനായുളള പദ്ധതി എന്നിവയും ചർച്ച ചെയതു.
യൂറോപ്പ്, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ കേരളീയ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളും, കേരളത്തിന്റെ വികസനത്തിനായി പ്രവാസികൾക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചുളള ലഘു വിവരണവും ചർച്ച ചെയ്തു. പശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളുമായുളള ചർച്ചയിൽ മന്ത്രിമാരായ ടി. എം. തോമസ് ഐസക്ക്, കെ. രാജു, കെ. കെ. ശൈലജ ടീച്ചർ, സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസികൾ നേരിടുന്ന ഇത്തരം സുപ്രധാന പ്രശ്‌നങ്ങൾ സഭാ സെക്രട്ടറിയറ്റിന്റെ പരിഗണനയിൽ എടുക്കുമെന്നും ആവശ്യമായ വിഷയങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേരള വികസനത്തിനായി ഉതകുന്ന നിർദ്ദേശങ്ങൾ ആശ്വാസം പകരുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. ജർമ്മനി, ജോർജിയ, ഇറ്റലി, കാനഡ, നോർവേ, യുഎസ്, യുകെ, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.