ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച മേഖല സമ്മേളനങ്ങളിൽ ഏഷ്യയിലെ ഇതര രാജ്യങ്ങൾ എന്ന മേഖലയെ സംബന്ധിച്ച ചർച്ച യിൽ തെക്കുകിഴക്കൻ ഏഷ്യയിലെ തൊഴിൽ, വ്യവസായ സാധ്യതകൾ കേരളം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ഫിലിപ്പൈൻസിലെ വിദ്യാഭ്യാസം, അനിമേഷൻ, ഏവിയേഷൻ, ടൂറിസം, സിനിമ വ്യവസായം തുടങ്ങിയ മേഖലകളിൽ മലയാളി വിദ്യാർത്ഥികൾക്കുള്ള സാധ്യതകളും ജാപ്പനീസ് ഭാഷാപഠനസൗകര്യം തുടങ്ങിയാൽ ഉണ്ടാകുന്ന അവസരങ്ങളും ചർച്ച ചെയ്യപ്പെട്ടു.
ബംഗ്ലാദേശിലും, വിയറ്റ്നാമിലും ഉള്ള വ്യവസായങ്ങളിൽ കേരളത്തിന്റെ പങ്ക്, കേരളത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാനായി കേരള കൈത്തറി ബ്രാൻഡ്് രൂപീകരിക്കുക, കേരളത്തിലെ എൻജിനീയറിംഗ് പ്രൊഫഷണൽസിന്റെ വൈദഗ്ധ്യം വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുക, ,കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്ന രീതിയിൽ കരിയർ ഗൈഡൻസ് ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയിൽ നിർദേശിക്കപ്പെട്ടു.
തൊഴിലന്വേഷകർ നോർക്ക സേവനങ്ങൾ മനസ്സിലാക്കാതെ വിദേശങ്ങളിൽ കബളിപ്പിക്കപ്പെടുന്നതും ജയിലിൽ ആകുന്നതുമാണ് ഉന്നയിക്കപ്പെട്ട മറ്റൊരു പ്രധാന വിഷയം. വിസ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ കൃത്യമായ ചെക്ക് പോയിന്റ്സ് വേണം എന്നതും ആവശ്യമായി. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിർദേശങ്ങൾ ക്രോഡീകരിച്ച് തുടർനടപടിക്കായി സഭയുടെ മുന്നിൽ വെക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.
കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവർ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ലോക കേരളസഭ സെക്രട്ടേറിയറ്റ് പ്രതിനിധി ഡോ. ദേവ് കിരൺ , മുൻ സ്റ്റാംന്റിംഗ് കമ്മിറ്റി അംഗം .സി.വി.റപ്പായി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഹോങ്കോംഗ്, തായ്‌ലന്റ്, സിംഗപ്പൂർ,ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ജപ്പാൻ,ബംഗ്ലാദേശ്, ബ്രൂണെ, വിയറ്റ്നാം, മാലിദ്വീപ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.