ലോക കേരള സഭയ്ക്ക് നിയമപരമായ ആധികാരികത നൽകുകയെന്ന ലക്ഷ്യത്തോടെ ലോക കേരള സഭ കരട് ബിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു. ലോക കേരള സഭയുടെ നിർവചനം, രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, അംഗത്വം, യോഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റികൾ, അധികാരങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കരട് ബിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ സമ്മേളനത്തിൽ ഡോ. ആസാദ് മൂപ്പനാണ് അവതരിപ്പിച്ചത്.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ പ്രവർത്തനങ്ങൾക്കും സമ്മേളനങ്ങളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾക്കും ആധികാരിക സ്വഭാവം നൽകുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും ശക്തമായ നിയമത്തിന്റെ പിൻബലം ആവശ്യമാണെന്ന് കരട് ബിൽ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബില്ല് നിയമമാവുന്നതോടെ ലോക കേരളത്തിന്റെ പൊതുജനാധിപത്യവേദിയായി ഉയർന്നുവരുവാനും നിയമപരമായി കൂടുതൽ ഊർജവും ഉറപ്പും ആർജിക്കുവാനും ലോക കേരള സഭയ്ക്ക് സാധിക്കും. ഇപ്രകാരം നിയമം നിർമിക്കുവാനുള്ള ഭരണഘടനാപരമായ അവകാശം കേരള നിയമസഭയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ നടക്കുന്ന തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി ജനുവരി 3ന` നടക്കുന്ന സഭാ സമ്മേളനത്തിൽ കരടിന് അംഗീകാരം നൽകുകയും സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു. സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു.
സഭാ സമ്മേളനത്തിൽ നാല് പ്രമേയങ്ങൾ അവതരിപ്പിച്ചു. സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖ രൂപീകരിക്കുന്നത് സംബന്ധിച്ച് ഒമാനിൽ നിന്നുള്ള പി എം ജാബിർ പ്രമേയം അവതരിപ്പിച്ചു.

പ്രവാസികളെ നാടിന്റെ വികസനവുമായി ബന്ധിപ്പിക്കണമെന്നും നയരേഖ അംഗീകരിക്കാൻ മറ്റ് ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പരിഷ്‌ക്കരിച്ച കുടിയേറ്റ നിയമം പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെയും പ്രവാസികളുടെയും അഭിപ്രായം തേടാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഖത്തറിൽ നിന്നുള്ള പി എൻ ബാബുരാജനാണ് അവതരിപ്പിച്ചത്. പ്രവാസികളുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾ ബില്ലിൽ ഉൾപ്പെടുത്തണമന്നും പ്രമേയം ആവശ്യപ്പെട്ടു.

ആഭ്യന്തര പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ നടപടി എടുക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട്ടിൽ നിന്നുള്ള കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. പ്രവാസ ലോകത്തിൽ കേരള സംസ്‌ക്കാരത്തിന്റെയും സാഹിത്യത്തിന്റെയും അടിത്തറ വിപുലപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം മാധ്യമപ്രവർത്തകൻ വെങ്കടേഷ് രാമകൃഷ്ണൻ അവതരിപ്പിച്ചു.

സഭാ സമ്മേളനത്തിൽ നടന്ന ചർച്ചയിൽ നിലമ്പൂർ ആയിഷ, ഒ വി മുസ്തഫ, വി കെ റഊഫ്, ഡോ. ചൈതന്യ ഉണ്ണി (ആസ്ത്രേലിയ), എൻ കെ കുഞ്ഞഹമ്മദ്, അജിത്ത് കുമാർ (കുവൈത്ത്), വിദ്യ അഭിലാഷ് (ആഫ്രിക്ക), വി കെ ജയചന്ദ്രൻ (ബ്രിട്ടൻ), അലക്സ് (പഞ്ചാബ്), തൻസി ഹാഷിർ (യുഎഇ), ജോർജ് വർഗീസ് (ദമാം), ആർ പി മുരളി (ഷാർജ), ബിന്ദു പാറയിൽ (ഒമാൻ), സിബി ബാലകൃഷ്ണൻ (വെസ്റ്റ് ഇൻഡീസ്), സ്വപ്ന പ്രവീൺ (യുകെ), സൈമൺ (ഫുജൈറ), വി വി ജയരാജൻ (താൻസാനിയ), അജോയ് (തായ്ലാന്റ്) തുടങ്ങിയവർ പങ്കെടുത്തു.