ലോക കേരളസഭയുടെ രണ്ടാം ദിനത്തിൽ നടന്ന മേഖലാ സമ്മേളനങ്ങളിൽ പ്രവാസാനന്തര പുനരധിവാസം എന്ന വിഷയത്തിൽ ധാരാളം   നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. വിദേശത്തെ തൊഴിലിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസി മലയാളികളെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ്, കേരള പ്രവാസി വെൽഫെയർ ബോർഡ് എന്നീ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചർച്ചയിൽ വിശദീകരിച്ചു. വെസ്റ്റ് ഇൻഡീസ്,  സാംബിയ, ദുബായ്, സൗദി അറേബ്യ,ഖത്തർ, ബഹറിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നിർദേശങ്ങൾ ഉന്നയിച്ചു.മന്ത്രിമാരായ കെ.ടി.ജലീൽ, പി തിലോത്തമൻ എന്നിവർ മറുപടി നൽകി.

പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് മടങ്ങിവരുന്ന പ്രവാസികളുടെ പ്രശ്നങ്ങളാണ്. പ്രവാസക്ഷേമപദ്ധതികളുടെ വരുമാന പരിധിയും പ്രവാസിക്ഷേമനിധി ലഭിക്കേണ്ട പ്രായപരിധിയും ഉയർത്തണം എന്ന ആവശ്യം ഉയർന്നു. വിദേശത്ത് തൊഴിൽനൈപുണ്യം നേടിയവർക്ക്  മടങ്ങി എത്തിയാൽ തൊഴിൽ നൽകുക, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രൂപീകരണം ത്വരിതപ്പെടുത്തുക, ക്ഷേമപദ്ധതികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ കൂട്ടായ്മകൾ രൂപീകരിക്കുക, ക്ഷേമപദ്ധതികളെ കുറിച്ച് വിവരം നൽകുന്ന മൊബൈൽ ആപ്പ് രൂപീകരിക്കുക, ആരോഗ്യപ്രശ്നങ്ങളുമായി മടങ്ങിവരുന്ന പ്രവാസികൾക്ക് ക്ഷേമനിധി പെൻഷൻ കൂടി നൽകുക, സാന്ത്വന പദ്ധതി വഴി തിരിച്ചുവരുന്ന പ്രവാസിക്ക് മരണം വരെ ധനസഹായം ലഭ്യമാക്കുക, പ്രവാസി ബാങ്ക് രൂപീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു.

നോർക്ക റൂട്ട്സും, കേരള പ്രവാസി വെൽഫെയർ ബോർഡും വഴി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച്  നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ചർച്ചയിൽ വിശദീകരിച്ചു. എം.രാധാകൃഷ്ണൻ സി.ഇ.ഒ. പ്രവാസി ക്ഷേമനിധി ബോർഡ്, പ്രൊഫ.വി.കെ.രാമചന്ദ്രൻ, രാജൻ ഖൊബ്രഗഡേ, ജയ കിരൺ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രധാനപ്പെട്ട നിർദേശങ്ങൾ ക്രോഡീകരിച്ച് തുടർനടപടിക്കായി സഭയുടെ മുന്നിൽ വക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.