ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായുള്ള വർണാഭമായ ഫുൾ ഡ്രസ് റിഹേഴ്സൽ ന്യൂഡൽഹി രാജ്പഥിൽ നടന്നു. കെട്ടുകാഴ്ചയുടെ കാഴ്ചവിരുന്നൊരുക്കി തലയെടുപ്പോടെ കേരളം ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി. 26നു രാവിലെയാണു റിപ്പബ്ലിക് ദിന പരേഡ്.വിജയ് ചൗക്കിൽനിന്നു രാവിലെ 9.50നു ഫുൾ ഡ്രസ് റിഹേഴ്സൽ തുടങ്ങി. ഫ്ളോട്ട് വിഭാഗത്തിൽ 12-ാമതായാണു കേരളത്തിന്റെ കെട്ടുകാഴ്ച രാജ്പഥിലേക്ക് എത്തിയത്. സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേതുമായി 14 ഫ്ളോട്ടുകൾ, കേന്ദ്ര സർക്കാറിലെ വിവിധ മന്ത്രാലയങ്ങൾ സ്ഥാപനങ്ങൾ എന്നിവയുടേതായി ഒമ്പത് ഫ്ളോട്ടുകൾ എന്നിങ്ങനെ 23 ദൃശ്യങ്ങളാണു പരേഡിൽ അണിനിരക്കുന്നത്. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണു റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് ഒരുക്കുന്നത്. പ്രമുഖ ഡിസൈനർ ബാപാ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള കലാകാര•ാരാണു ഫ്ളോട്ടിന്റെ നിർമാണത്തിനു പിന്നിൽ. 10 മലയാളി കലാകാര•ാർ ഫ്ളോട്ടിനു ദൃശ്യ-ശ്രാവ്യ ചാരുതയൊരുക്കുന്നു. 2013നു ശേഷം ഇതാദ്യമായാണു കേരളത്തിന് റിപ്പബ്ലിക് ദിന പരേഡിൽ പ്രാതിനിധ്യം ലഭിക്കുന്നത്.