മണികണ്ഠന്റെ മികവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം
ഭിക്ഷയാചിച്ചിരുന്ന ബാല്യത്തില്‍നിന്നും ഫുട്‌ബോള്‍ പ്രതിഭയായി വളര്‍ന്ന മണികണ്ഠന് ഉജ്ജ്വലബാല്യം പുരസ്‌കാരം. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ ഓഫീസ് മുഖേന നല്‍കുന്ന 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും ഉള്‍പ്പെടുന്ന പുരസ്‌കാരത്തിനാണ് കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്ന ആര്‍. മണികണ്ഠന്‍ അര്‍ഹനായത്. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ഓച്ചിറയില്‍ ഭിക്ഷാടനം നടത്തിയിരുന്ന മണികണ്ഠനെ ഏഴാം വയസിലാണ് കൊല്ലം ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ താമസിക്കുന്ന കുട്ടി ഇപ്പോള്‍ എസ്.എന്‍ ട്രസ്റ്റ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. ഫുട്‌ബോളില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്ന്നാ ണ് പരിശീലനത്തിന് അവസരമൊരുക്കിയത്. തുടര്‍ന്നങ്ങോട്ട് കളിമികവില്‍ പടിപടിയായി മുന്നേറുകയായിരുന്നു. ചെന്നൈയിലെ ഫുട്‌ബോള്‍ പ്ലസ് പ്രഫഷണല്‍ അക്കാദമിയിലെ പരിശീലനം മണികണ്ഠന്റെ പ്രതിഭയ്ക്ക് തിളക്കമേറ്റി. അതോടൊപ്പം സ്‌പെയിനിലെ വിഖ്യാതമായ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബില്‍ ഒരുമാസത്തെ പരിശീലനത്തിനും വഴിതുറന്നു.