ലഹരിക്കെതിരെ പോരാടുക എന്ന സന്ദേശവുമായി എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൊബൈല്‍ എക്‌സിബിഷന്‍ സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ വാഹനം ജില്ലയിലെത്തി. സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ജനുവരി 30 വരെ നടക്കുന്ന 90 ദിന ലഹരിവിരുദ്ധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്യാംപെയ്‌ന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എ.ഡി.എം ടി.വിജയന്‍ നിര്‍വഹിച്ചു. ലഹരിവിരുദ്ധ പോരാട്ടങ്ങളിലൂടെ ദാരിദ്യനിര്‍മാര്‍ജനം സാധ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിമരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, ലഹരി ഉപയോഗിക്കുന്നതു മൂലമുള്ള വിപത്തുകള്‍, രോഗങ്ങള്‍, മാനസിക പ്രത്യാഘാതങ്ങള്‍, സാമൂഹികവും സാമ്പത്തികവും മാനസികവും ശാരീരികവുമായുള്ള തകര്‍ച്ച തുടങ്ങി ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങളാണ് മൊബൈല്‍ എക്‌സിബിഷന്‍ വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി മേഴ്‌സി കോളെജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. കൂടാതെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തത്സമയ ചോദ്യോത്തര പരിപാടിയും നടത്തി.
ഡിസംബര്‍ നാലിന് തിരുവനന്തപുരം ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ജില്ലയില്‍ ആലത്തൂര്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, അത്തിക്കോട്, പാലക്കാട്, ഒലവക്കോട്, മലമ്പുഴ എന്നിവിടങ്ങളില്‍ പ്രദര്‍ശനവാഹനം സഞ്ചരിച്ചു. ഇന്ന് (ജനുവരി രണ്ട്) ഒറ്റപ്പാലം സര്‍ക്കിളിനു കീഴിലെ അഞ്ച് കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയതിനു ശേഷം ജനുവരി മൂന്നിന് മലപ്പുറത്തേക്ക് തിരിക്കും.
പരിപാടിയില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി.സുലേഷ്‌കുമാര്‍, അസി. എക്‌സൈസ് കമ്മീഷണറും വിമുക്തി മാനെജറുമായ ജയപാലന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. കെ സതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുള്‍ ബാസിത്, മേഴ്‌സി കോളെജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോസ എന്നിവര്‍ സംസാരിച്ചു.