കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ ചർച്ചചെയ്യാൻ ഗ്ളോബൽ ഹാക്കത്തോൺ നടത്തും -മുഖ്യമന്ത്രി

കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ ഗ്ളോബൽ ഹാക്കത്തോൺ ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികൾ അവതരിപ്പിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും നിർദേശങ്ങൾ പരിഗണിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വികസന സാധ്യതകളും പ്രശ്നങ്ങളും ഗ്ളോബൽ ഹാക്കത്തോണിൽ ചർച്ചചെയ്യും. ഇതിനായി വിദഗ്ധരെ ഉൾക്കൊള്ളിച്ചായിരിക്കും സമ്മേളനം നടത്തുക. ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിനായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഓരോ മേഖലയിലെയും പ്രൊഫഷണലുകളുടെ വ്യത്യസ്ത സമ്മേളനം പ്രത്യേകം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും.

വിവിധ ഭാഗത്തുള്ള പ്രവാസികളുടെ ഡയസ്പോറ സമ്മേളനങ്ങളും ചേരും. ലോക കേരള സഭ തന്നെ ഇതിന് മുൻകൈയെടുക്കണം. അതത് രാജ്യങ്ങളിലെ സംഘടനകളെയൊക്കെ പങ്കെടുപ്പിക്കാനാകണം. ഇതിന് അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ ലോകകേരള സഭാംഗങ്ങൾ അതത് മേഖലകളിൽ മുൻകൈയെടുക്കാമെന്ന് ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആഗോള പ്രവാസി രജിസ്റ്റർ തയാറാക്കുന്നതിന് നടപടി സ്വീകരിക്കും. ഫലപ്രദമായി ഇത് നടപ്പാക്കുന്നതിന് പ്രാമുഖ്യം നൽകും. ഇതുമായി ബന്ധപ്പെട്ട നടപടി സി.ഡി.എസ് സ്വീകരിച്ചുവരുന്നുണ്ട്. ലോക നിലവാരത്തിലുള്ള യൂത്ത് ലീഡർഷിപ്പ് അക്കാദമി കേരളത്തിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുവജനങ്ങളുടെ നേതൃപരമായ കഴിവുകൾ വർധിപ്പിക്കാനുതകുന്ന സ്ഥാപനമാകും ഇത്. ഇത് പ്രവാസികൾ സ്ഥാപിച്ചുതരാൻ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇതിനായി സഹകരിക്കാൻ ഇതിനകം പ്രവാസികൾ മുന്നോട്ടുവന്നിട്ടുണ്ട്.

കഴിയാവുന്നത്ര ആളുകൾ ഇതിന്റെ ഭാഗമാകാൻ അണിനിരക്കണം. പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി എന്ന നിർദേശം ഇൻഷുറൻസ് കമ്പനികളുമായും വിദഗ്ധരുമായും ചർച്ച ചെയ്തു മൂന്നുമാസത്തിനകം നടപടി സ്വീകരിക്കും. രണ്ടു പദ്ധതികൾ ഇതിനകം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക കേരള സഭ ശാശ്വതമായി നിലനിൽക്കണമെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന വികസനത്തിന് ഇത് അനിവാര്യമാണ്. അതിനാണ് നിയമസഭയിൽ ഇതു സംബന്ധിച്ച ബില്ല് കൊണ്ടുവരുന്നത്. ഇത് നിയമമാക്കാൻ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് നല്ല സാധ്യതയാണ് ഇപ്പോഴുള്ളത്. ജപ്പാനിലെ ചേമ്പർ ഓഫ് കൊമേഴ്സ് രീതിയിലുള്ള ജെട്രോയ്ക്ക് കേരളത്തിൽ പ്രവർത്തിക്കാൻ സ്ഥലവും സൗകര്യവും ഒരുക്കും. ജപ്പാനിൽ നിന്നുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാൻ ഇതുപകരിക്കും.

നിക്ഷേപ സൗഹൃദമാണ് കേരളം. ഇക്കാര്യത്തിനായി നിയമങ്ങളിൽ വരെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇനി നിഷേധാത്മക സമീപനം ഉണ്ടാകില്ല. അത്തരം നടപടിയുണ്ടായതായി ശ്രദ്ധയിൽപ്പെടുത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. അസൻറ് കേരള പോലുള്ള സമ്മേളനങ്ങൾ നിക്ഷേപങ്ങൾ വർധിപ്പിക്കാനുദ്ദേശിച്ചാണ്. ഡിജിറ്റൽ രംഗത്ത് കുതിച്ചുചാട്ടത്തിനുതകുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ബ്ളോക്ക് ചെയിൻ സാങ്കേതിക വിദ്യയ്ക്കായി ഇപ്പോൾതന്നെ അക്കാദമി ആരംഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തിന്റെ വികസനത്തിന് സർക്കാർ ശ്രദ്ധ പതിപ്പിക്കും. ഉന്നതവിദ്യാഭ്യാസ കോഴ്സുകളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരും. ഇതിനായി വിദഗ്ധരെ കൊണ്ടുവരുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിലും നടപടി സ്വീകരിക്കും.

പ്രവാസികളുടെ നിയമപ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനുള്ള ആവശ്യങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമയബന്ധിതമായി നൽകാൻ നിയമവകുപ്പിന് നിർദേശം നൽകും. ലീഗൽ സെൽ, അദാലത്ത് തുടങ്ങിയ ആവശ്യങ്ങൾ പരിശോധിക്കാൻ നോർക്ക സെക്രട്ടറിക്ക് നിർദേശം നൽകും.
പ്രവാസികളുടെ നിക്ഷേപസുരക്ഷ ഉറപ്പാക്കുന്ന പ്രവാസി ചിട്ടി, ഡിവിഡൻറ് പദ്ധതി തുടങ്ങിയ സുരക്ഷിത മാർഗങ്ങൾ സർക്കാർ തുറന്നിട്ടിട്ടുണ്ട്.
വിദേശങ്ങളിൽ തൊഴിൽ സാധ്യത വർധിപ്പിക്കാൻ വിദേശഭാഷകൾ പഠിക്കാനുള്ള സൗകര്യത്തിനും നൈപുണ്യവികസന സൗകര്യത്തിനും ഇതിനകം നടപടികൾ തുടങ്ങിയിട്ടുണ്ട്.

രാജ്യത്തിനകത്തെ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് ഏപ്രിൽ 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതി ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കും. ലോക കേരള സഭാ നിർദേശങ്ങളും ആശയങ്ങളും പ്രായോഗികമാക്കാൻ ഭരണസംവിധാനവും ലോക കേരള സഭാ സെക്രട്ടേറിയറ്റും ശക്തിപ്പെടുത്തും.

അന്തർദ്ദേശീയ പ്രവാസ ഉടമ്പടി സംബന്ധിച്ചും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള പുതിയ എമിഗ്രേഷൻ നിയമം സംബന്ധിച്ചും മറ്റ് സംസ്ഥാന സർക്കാരുകളെയും മറ്റ് ബന്ധപ്പെട്ട ഏജൻസികളേയും കൂടി അണിനിരത്തി അഭിപ്രായ സമന്വയവും സമ്മർദ്ദവും സൃഷ്ടിക്കണമെന്നുള്ള അഭിപ്രായം പ്രാവർത്തികമാക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ ഉപയോഗപ്പെടുത്തും.

നമ്മുടെ ഭാഷയും സംസ്‌കാരവും പോഷിപ്പിക്കാനും അവ പ്രവാസികൾക്കിടയിൽ പ്രചാരണം നേടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നടപടിയുണ്ടാകും. ജയിലുകളിൽ കഴിയുന്നതവരുടെ വിടുതലിനും വിമാന ടിക്കറ്റ് ചാർജ്ജ് വർദ്ധനവിലും ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്ന മറ്റൊരു നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സാധ്യമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കത്തുകളിലും കൂടിക്കാഴ്ചകളിലും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.

ഒന്നും നടക്കില്ല എന്ന തോന്നലിൽ നിന്നും നാം ഒത്തുചേർന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും എന്ന മനോഭാവത്തിലേക്ക് കേരളീയർ മാറിയിട്ടുണ്ട്. ഈ മാറ്റത്തിന് ലോക കേരളസഭയും പ്രവാസി മലയാളികളും നൽകിയ പിന്തുണയും ഇടപെടലും ഏറെ സഹായകമായിട്ടുണ്ട്.
എല്ലാവരും ഒന്നിച്ചാൽ കൂടുതൽ ശക്തമാകും എന്ന നിലപാടാണ് സർക്കാരിന്. ആരെയും അകറ്റിവിടുന്നതല്ല, എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് കൈകോർത്ത് നിൽക്കാനാവണമെന്നും ലോക കേരള സഭയിലൂടെ അതിനാണ് ശ്രമിക്കുന്നതെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.