പ്രവാസ സമൂഹത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളുടെയും നിക്ഷേപ അവസരങ്ങളുടെയും വിപുലമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്. ലോകരാജ്യങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ച് അതത് രാജ്യത്തെ പ്രതിനിധികൾ സമ്മേളിക്കുകയും പ്രവാസ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് ക്രോഡീകരിക്കുകയും ചെയ്തു. തുടർന്ന് എട്ട് വിഷയങ്ങൾ കേന്ദ്രീകരിച്ചും പ്രതിനിധികൾ കൂട്ടായി ചർച്ചചെയ്യുകയും നിർദേശങ്ങൾക്ക് അന്തിമ രൂപം നൽകുകയും ചെയ്തു.
യു.എ.ഇ, മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും വടക്കെ അമേരിക്കയും, തെക്കെ അമേരിക്കയും ആഫ്രിക്കയും മറ്റുലോക രാജ്യങ്ങൾ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിങ്ങനെയായിരുന്നു മേഖല അടിസ്ഥാനത്തിൽ പ്രതിനിധികൾ ഒത്തുചേർന്ന് ചർച്ചചെയ്തത്.
പ്രവാസ തൊഴിൽ പ്രോൽസാഹനവും മികവു കൈവരിക്കലും എന്ന വിഷയത്തെ അധികരിച്ച് മനുഷ്യാവകാശം, പ്രവാസി അനുകൂല നിയമനിർമ്മാണം, നൈപുണ്യ വികസനം, റിക്രൂട്ട്മെന്റ് പ്രക്രിയ, കോൺസുലാർ സേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച പുതിയ പ്രവണതകളും പ്രശ്നങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി. ആഗോള കേരളത്തിന്റെ സുരക്ഷയും കരുതലും എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി നിക്ഷേപം, പ്രവാസി ചിട്ടി, ഡയസ്പോറ ബോണ്ട്, കേരള ബാങ്ക്, സഹകരണ മേഖല, വിനോദ സഞ്ചാരം തുടങ്ങിവ ആഴത്തിൽ വിശകലനം ചെയ്തു.
പ്രവാസാനന്തര പുരനധിവാസം എന്ന വിഷയത്തെ അധികരിച്ച് നോർക്ക സ്‌കീമുകൾ, വെൽഫയർ ഫണ്ട് ബോർഡ്, ഡിവിഡന്റ് സ്‌കീം എന്നിവയും ചർച്ചചെയ്തു. നവകേരള നിർമ്മിതിയിൽ പ്രവാസി ഇടപെടൽ, ലോക കേരളവും കലാ സാംസ്‌കാരിക രംഗവും, സ്ത്രീകളും പ്രവാസവും പ്രളയാനന്തര നവകേരള നിർമ്മിതിയിൽ ആഗോള കേരളത്തിന്റെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്ക് വിധേയമാക്കി. കൂട്ടായ ചർച്ചയിൽ ഉയർന്നുവന്ന പ്രധാന വസ്തുതകൾ സഭയിൽ അംഗങ്ങൾ അവതരിപ്പിച്ചു.
റേഷൻ കാർഡ് ഒരു ആധികാരിക രേഖയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ ഇതിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് അവർ ആവശ്യമുന്നയിച്ചു. സ്വന്തം സമ്പാദ്യം പ്രയോജനകരമായ രീതിയിൽ നിക്ഷേപിക്കാനും മൂല്യവർധന നേടാനും ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. തിരിച്ചുവരുന്ന പ്രവാസികൾക്കായി ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങണമെന്നും ആവശ്യമുയർന്നു. നാട്ടിൽ ഇവർക്ക് തൊഴിൽ ലഭ്യമാക്കാൻ ഇതുപകരിക്കും. ഒപ്പം ഇവരുടെ തൊഴിൽ വൈദഗ്ധ്യം സംസ്ഥാന നിർമിതിക്കായി പ്രയോജനപ്പെടുത്തുകയുമാകാം. പ്രവാസികളുടെ കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നു.
പ്രവാസികളുടെ നിക്ഷേപ പദ്ധതികളുടെ വേഗത്തിലുള്ള നടപടികൾക്കായി ഏകജാലക സംവിധാനം ഉണ്ടാക്കണമെന്നും മുതിർന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ അതിന്റെ തലപ്പത്ത് നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും കേരള ഹൗസുകൾ സ്ഥാപിക്കണം എന്നതായിരുന്നു ചർച്ചയിൽ ഉയർന്ന മറ്റൊരു ആവശ്യം. പ്രവാസി ചിട്ടിക്ക് വിദേശത്ത് കൂടുതൽ പ്രചാരം നൽകുന്ന പക്ഷം അതിനെ കൂടുതൽ വിജയത്തിലെത്തിക്കാൻ കഴിയുമെന്ന് സഭാംഗങ്ങൾ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കായി മെഡിക്കൽ ഇൻഷുറൻസ് ആരംഭിക്കേണ്ടതിന്റെയും വിദേശത്തേക്ക് പോകുമ്പോഴോ തിരികെ വരുമ്പോഴോ വിമാനത്താവളത്തിൽ മെഡിക്കൽ ചെക്ക് അപ്പ് നടത്തേണ്ടതിന്റെ ആവശ്യകതയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നോർക്ക മൊബൈൽ ആപ് രൂപീകരിക്കുന്നത് കൂടുതൽ പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സഹായിക്കും. തിരികെവരുന്ന പ്രവാസികൾക്ക് പാട്ടത്തിന് കൃഷി ഭൂമി ലഭ്യമാക്കിയാൽ കാർഷിക രംഗത്തിന്റെ കുതിപ്പിന് അത് സഹായകമാകുമെന്നും അഗങ്ങൾ പറഞ്ഞു.
റോഡുകൾക്ക് ഇരുവശവും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ പദ്ധതി തയ്യാറാക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയവയിൽ സമർത്ഥരെ വാർത്തെടുക്കാൻ ഒരു യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു. വിദേശത്ത് വിവാഹമോചനത്തിന് വിധേയമാകുന്ന വനിതകൾക്കും ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്കും സംരംക്ഷണവും നിയമസഹായവും ലഭ്യമാക്കാൻ ലീഗൽ എയിഡ് സെന്റർ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
ഇതര സംസ്ഥാനങ്ങളിൽ വനിതകൾക്കായി ഡോർമറ്ററി സൗകര്യം തുടങ്ങേണ്ടതിന്റെ ആവശ്യകതയിലേക്കും ചിലർ വിരൽചൂണ്ടി. പാസ്പോർട്ട്, എമിഗ്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീകൾ ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം എന്നും ചിലർ ആവശ്യപ്പെട്ടു. പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചും നിക്ഷേപ സ്‌കീമുകളെക്കുറിച്ചും കൂടുതൽ പ്രചാരം നൽകണമെന്നും സഭാംഗങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു.