പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടാവണമെന്നും പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ല മുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സിവില്‍ സര്‍വീസ് പരിശീലനപദ്ധതിയായ ആസ്‌പെയര്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയിലൂടെ സാധ്യമാണെന്നും വിവരം വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന ഇക്കാലത്ത് ക്ലാസ്‌റൂമുകളില്‍ ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
നിയമസഭാ മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണ് മന്ത്രിയുമായി സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയത്. പി.കെ. ബഷീര്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് തിരുവന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുമായും വിദ്യാര്‍ത്ഥികള്‍ സംവദിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ടി. മുനീബുറഹ്മാന്‍, അധ്യാപകരായ എന്‍. കെ. യൂസഫ് , ഡോ. എന്‍ ലബീദ്, ഷിജി കെ.പി., എം.പി. ഷെരീഫ്, എം.പി. റഹ്മത്തുള്ള, മുഹസിന്‍ സി. റാഫി ചൊനാരി, ജസീമ വി.പി., നൂര്‍ജഹാന്‍ ടി.പി. തുടങ്ങിയവരും വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു.