- * പൊങ്കാല മാർച്ച് രണ്ടിന്
- * ഗ്രീൻപ്രോട്ടോകോൾ നിർബന്ധം
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല പൂർണമായും പ്ലാസ്റ്റിക് രഹിത, ഗ്രീൻ പ്രോട്ടേക്കോൾ പാലിച്ചുള്ളതായിരിക്കണമെന്ന് വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെ അവലോകന യോഗം തീരുമാനിച്ചു. ദേവസ്വം – സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ക്ഷേത്രത്തിൽ വച്ച് നടന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
പൊങ്കാല പ്രദേശങ്ങളിൽ മുഴുവൻ സമയം ശുദ്ധജലം ഉറപ്പാക്കുന്നതിനായി ജലസേചന വകുപ്പ് 1260 താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കുമെന്ന് ജലവിഭവ വകുപ്പ് അറിയിച്ചു. കൂടാതെ കളിക്കാനായി 50 ഷവറുകളും സ്ഥാപിക്കും. മറ്റ് സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ ശുദ്ധജലം ലഭ്യമാക്കുകയും ചെയ്യും. ഇരുപതോളം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൊങ്കാല പ്രദേശത്ത് ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പും ജനുവരി 30 നകം തന്നെ അറ്റകുറ്റപ്പണികൾ മുഴുവൻ പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബിയും യോഗത്തെ അറിയിച്ചു.
ഉത്സവ ദിവസങ്ങളിൽ കഴിഞ്ഞ വർഷത്തെപ്പോലെ അധിക സർവീസുകൾ നടത്തുമെന്നും പൊങ്കാലയുടെ രണ്ട് ദിവസം മുൻപ് തന്നെ പ്രതേ്യക കൺട്രോളിംഗ് ഓഫീസ് തുറക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. പൊങ്കാല കഴിഞ്ഞ് തിരികെ പോകുന്നവരുടെ സൗകര്യാർഥം പ്രതേ്യകം സർവീസും നടത്തും.
നഗരസഭയുടെ ആരോഗ്യ വിഭാഗം ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടായിരം തൊഴിലാളികളെ ഇപ്രാവശ്യം നിയോഗിക്കും. കൂടാതെ 95 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഉണ്ടാകും. 60 ടിപ്പർ ലോറികളും 25 പിക് അപ്പ് ഓട്ടോറിക്ഷകളും ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തുള്ള വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തും. കൂടാതെ പൊങ്കാല ദിനത്തിൽ ശിശുരോഗ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാക്കും. ഓക്‌സിജൻ പാർലറുകൾ, എല്ലാവിധ ആധുനിക സംവിധാനങ്ങളുമുള്ള ആംബുലൻസുകൾ എന്നിവയും സജ്ജമാക്കും.
പൊങ്കാല പ്രദേശങ്ങളിലെ58 വിവിധ കേന്ദ്രങ്ങളിൽ സി.സി.റ്റി.വി സംവിധാനത്തോടൊപ്പം മികച്ച ബാരിക്കേഡുകളും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വനിത പോലീസ് ഉൾപ്പെടെ 3200 പോലീസ് ഉദേ്യാഗസഥരുടെ സേവനം ഇപ്രാവശ്യം ഉപയോഗപ്പെടുത്തും.
പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പ് ഉദേ്യാഗസ്ഥരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും ഭക്തജനങ്ങൾ നന്നായി സഹകരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിച്ചു. മേയർ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മിഷണർ പി. പ്രകാശ്, ഉയർന്ന പോലീസ് ഉദേ്യാഗസ്ഥർ, ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻ നായർ, ചെയർമാൻ ആർ. രവീന്ദ്രൻ നായർ, പ്രസിഡന്റ് വി. ചന്ദ്രശേഖരപിള്ള, ട്രഷറർ വി. അയ്യപ്പൻ നായർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ നായർ, വിവിധ വകുപ്പ് ഉദേ്യാഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
ആറ്റുകാൽ പൊങ്കാലയ്ക്ക് ഗ്രീൻ പ്രോട്ടോകോൾ
- * സ്റ്റീൽ പാത്രവും കപ്പും കരുതുക
- * വലിയ ശബ്ദം വേണ്ട; പരീക്ഷക്കാലമാണ്
പൊങ്കാലയ്ക്ക് വരുന്നവർ ഒരു കാരണവശാലവും പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരേണ്ടതില്ലെന്നും കുടിവെള്ളം ഉൾപ്പെടയുള്ള സൗകര്യങ്ങൾ യഥേഷ്ടം ഒരുക്കുമെന്നും അവലോകന യോഗം തീരുമാനിച്ചു. സ്റ്റീൽ പാത്രവും, സ്റ്റീൽ കപ്പും കരുതിയാൽ മതി. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗ തീരുമാനം.
ഈ ഉത്സവകാലം ശബ്ദമലിനീകരണ നിയന്ത്രണത്തിന് കൂടി പ്രാധാന്യം നൽകേണ്ടതുണ്ട്. പരീക്ഷയുടെ സമയം ആയതിനാൽ ഉത്സവത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ ശബ്ദനിയന്ത്രണം വേണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. ഉത്സവശോഭ കുറയാതെ തന്നെ ഈ തീരുമാനങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും യോഗം നിർദ്ദേശിച്ചു.