മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

കേരള സർക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് sabarimala.kerala.gov.in സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ആറ് ഭാഷകളിൽ പുതിയ വെബ്സൈറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വിർച്വൽ ക്യൂവും ഓൺലൈനായി ബുക്കുചെയ്യാൻ വെബ്സെറ്റിലൂടെ സാധിക്കും.

പൂജാസമയം, വഴിപാടുതുക, ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിധം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, തീർഥാടകർ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ചികിത്സാസൗകര്യം ഉൾപ്പെടെ ബന്ധപ്പെടേണ്ട നമ്പരുകൾ, ശബരിമലയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ, മലയാളം, ഇംഗ്ളീഷ് പ്രസ് റിലീസ്, ഫോട്ടോ വീഡിയോ ഗാലറി എന്നിവ വെബ് സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിനുവേണ്ടി സി-ഡിറ്റാണ് വെബ്സൈറ്റ് രൂപകല്പന നിർവഹിച്ചിരിക്കുന്നത്. പ്രകാശനച്ചടങ്ങിൽ പിആർഡി അഡീഷണൽ ഡയറക്ടർ (ഇലക്ട്രോണിക് മീഡിയ) എൻ.സുനിൽകുമാർ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.