കൊച്ചി: ആരോഗ്യ മേഖലയിലെ നൂതന രീതികൾ സാധാരണക്കാരനും പ്രാപ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപ സംഗമം അസ്സൻഡ് -2020 ൽ അലോപ്പതി – ആയുർവേദ മേഖലകളിലെ പുതിയ സാധ്യതകളെ കുറിച്ച് നടന്ന പാനൽ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വൈദ്യശാസ്ത്രം വികസിക്കുന്നതു പോലെ തന്നെ രോഗങ്ങളും വ്യാപകമാകുകയാണ്. ഇതിൽ പല ചികിത്സകളും സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമെല്ലാം വലിയ വിലയാണുള്ളത്.

ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ചർച്ചയുണ്ടാകണം. ആരോഗ്യ മേഖലയിൽ ആഗോള തലത്തിലുണ്ടായ വളർച്ച കേരളത്തേയും വളർച്ചയിലേക്ക് നയിച്ചു. പല രോഗങ്ങളേയും തുരത്തുന്നതിൽ നാം വിജയിച്ചു. മാതൃ ശിശു മരണ നിരക്കുകളടക്കം കുറക്കാൻ നമുക്കായി. നി പ പോലുള്ള പകർച്ച വ്യാധികളെയും പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. ക്യാൻസർ അടക്കമുള്ള പല രോഗങ്ങളെയും മുൻകൂട്ടി നിർണയിക്കാൻ കഴിഞ്ഞാൽ അവയെ നമുക്ക് പ്രതിരോധിക്കാൻ കഴിയും. ജീവിത ശൈലി രോഗങ്ങളും പകർച്ച വ്യാധികളും ഇപ്പോഴും നമുക്ക് മുന്നിൽ വെല്ലുവിളികളായുണ്ട്. ഇത്തരം കാര്യങ്ങളിൽ എന്ത് ചെയ്യാൻ കഴിയുമെന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളും ചർച്ചകളുമാണ് നിക്ഷേപക സംഗമത്തിൽ നിന്നുയർന്ന് വരേണ്ടതെന്നും മന്ത്രി കൂട്ടി ചേർത്തു.

യോഗത്തിൽ കെ.എസ്.ഐ.ഡി.സി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് മോഡറേറ്ററായി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ. എൻ. കോബ്രഗ്ഡെ, ഡോ.മുൾചന്ദ് എസ്.പാട്ടേൽ ( ന്യൂയോർക്ക്) ഡോ.സി.എൻ.രാംചന്ദ് ( സി.ഇ.ഒ, സാക്സിൻ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ്), സാംസന്തോഷ്, (ചെയർമാൻ, മെഡ്ജെനം ലാബ്സ് ), രാജീവ് വാസുദേവൻ ( സി.ഇഒ, ആയുർവൈദ് ഹോസ്പിറ്റൽസ്), പുഷ്പ വിജയരാഘവൻ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു.