കൊച്ചി : ആസാമിലെ ഗുഹാട്ടിയിൽ ജനുവരി 10 മുതൽ 22 വരെ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിമ്സിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള വോളിബാൾ , കബഡി അണ്ടർ 17 വിമൻസ് ടീമംഗങ്ങൾ കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം യാത്ര തിരിച്ചു. ഇതാദ്യമായാണ് ടീമംഗങ്ങൾക്ക് മുഴുവനും വിമാനത്തിൽ യാത്ര ചെയ്തു മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം കേരളം സർക്കാർ ഒരുക്കിയിരിക്കുന്നത് .

ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഇൻഡിഗോ ഫ്‌ളൈറ്റിൽ ടീമംഗങ്ങൾ യാത്രയായി . ഇന്ന് രാത്രി കൽക്കട്ടയിൽ എത്തുന്ന ഇവർ , അവിടെ നിന്നും നാളെ രാവിലെ അടുത്ത ഫ്‌ളൈറ്റിന് ആസാമിലെ ഗുഹാട്ടിയിലേക്കു പോകും. പത്താം തീയതിയാണ് മത്സരങ്ങൾ ആരംഭിക്കുക .

21 വയസ്സിൽ താഴെ , 17 വയസ്സിൽ താഴെ എന്നീ രണ്ടു വിഭാഗങ്ങളിലായി 24 കളിക്കാരാണ് വോളിബാൾ ടീമിലുള്ളത് . അണ്ടർ 17 ടീം മാനേജർ നിമ്മി , അണ്ടർ 21 ടീം മാനേജർ ജെയ്‌സൺ മമ്മുക്കേടം , കോച്ചു മാരായ ഹരിലാൽ , സണ്ണി ജോസഫ് എന്നിവരും സൈക്കോളജിസ്റ്റ് സ്വർഗീയ , ഫിസിയോ തെറാപ്പിസ്റ്റ് വരുൺ എന്നിവരും ടീമംഗങ്ങളോടൊപ്പമുണ്ട് . വോളിബാൾ മത്സരങ്ങൾ അവസാനിക്കുന്ന ജനുവരി 15 നു ടീമംഗങ്ങൾ കേരളത്തിലേക്ക് തിരിക്കും. സന്താന , ജിഷ എന്നിവരാണ് ടീം ക്യാപ്റ്റന്മാർ.

അണ്ടർ 17 വിമൻസ് കബഡിയിൽ പങ്കെടുക്കാൻ 12 ടീമംഗങ്ങളാണ് പോകുന്നത് . മാളവികയാണ് ടീം ക്യാപ്റ്റൻ . ടീം മാനേജർ അമൃത അരവിന്ദ് , കോച്ച് ഉദയകുമാർ എന്നിവരും ടീമിലുണ്ട് . കബഡി മത്സരങ്ങൾ അവസാനിക്കുന്ന 13 നു ടീം അംഗങ്ങൾ കേരളത്തിലേക്ക് തിരിക്കും .

ഉറപ്പായ മെഡൽ പ്രതീക്ഷകളോടെയാണ് തങ്ങൾ യാത്ര തിരിക്കുന്നതെന്നു എല്ലാ ടീമംഗങ്ങളും പറഞ്ഞു. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ത്രില്ലിൽ ആണ് കളിക്കാർ . വിമാനയാത്രക്ക് സൗകര്യമൊരുക്കിത്തന്ന കേരള സർക്കാരിനോട് കുട്ടികൾ തങ്ങളുടെ നന്ദി എടുത്തു പറഞ്ഞു.