സംസ്ഥാന പാതകളും പൊതുമരാമത്ത് – ഗ്രാമീണ പാതകളുമുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും ഡിസംബര്‍ മാസത്തോടെ നല്ല നിലയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മിച്ച തട്ടാരി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷത്തിന് മുമ്പ് തന്നെ പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. ബാക്കിയുള്ളവ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് കൂടുതല്‍ തുക ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാത വികസനം വൈകിയാണെങ്കിലും യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയില്‍ സംസ്ഥാനം വിഹിതം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ നിന്ന് തുക കണ്ടെത്തി ദേശീയപാതാ അതോറിറ്റിക്ക് െൈകെമാറിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രവൃത്തി ടെണ്ടര്‍ നടപടികളിലേക്ക് കടന്ന സ്ഥിതിക്ക് നിര്‍മാണം പെട്ടെന്നു തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
സ്തുത്യര്‍ഹമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികളില്‍ പുതിയൊരു വികസന സംസ്‌ക്കാരം തന്നെ കൊണ്ടുവരാന്‍ സാധിച്ചു. നിര്‍മിക്കുന്ന പാലങ്ങള്‍ നല്ല ഈട് നില്‍ക്കുന്നതും ബലമുള്ളതുമായിരിക്കണമെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. നേരത്തേയുണ്ടായ ചില ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ വകുപ്പ് കര്‍ക്കശ നിലപാട് പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത (വേങ്ങാട്), ടി വി സീത ടീച്ചര്‍ (അഞ്ചരക്കണ്ടി), ജില്ലാ പഞ്ചായത്ത് അംഗം പി ഗൗരി, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി രാജേഷ് ചന്ദ്രന്‍, ജനപ്രതിനിധികള്‍, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേങ്ങാട്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് മാമ്പ തോടിന് കുറുകെ 1.57 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. 13.8 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് 7.5 വീതിയില്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളുമുണ്ട്.