കൊച്ചി: സഹകര പ്രസ്ഥാനങ്ങളുടെ ശക്തി ഉപയോഗിച്ച് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ പ്രസാധക രംഗത്തെ മുൻ നിരയിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൃതി പുസ്തകോത്സവം 2020 ജില്ലാതല ആലോചനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

പുസ്തകങ്ങളോടുള്ള കുട്ടികളുടെ ആഭിമുഖ്യം വളർത്തുന്നതിനാണ് ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതി നടപ്പാക്കുന്നത്. പുസ്തകോത്സത്തിന്റെ ഭാഗമായി പന്ത്രണ്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സാഹിത്യ വിജ്ഞാനോത്സവം സംഘടിപ്പിക്കും.

ജില്ലയിലെ പ്രാഥമിക കർഷക വായ്പാ സംഘങ്ങൾ അടക്കം സഹകരണ മേഖലയുടെ സമഗ്ര പങ്കാളിത്തം പുസ്തകോത്സവത്തിൽ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കെയർ ഹോം പദ്ധതി ഉൾപ്പെടെ ജില്ലയിലെ സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ആലോചനാ യോഗത്തിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.കെ ജയശ്രീ, സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രെജിസ്ട്രാർ ജനറൽ സുരേഷ് മാധവൻ, ജോയിന്റ് രെജിസ്ട്രാർ ആർ. ജ്യോതി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ആലോചനാ യോഗത്തിന് ശേഷം ജില്ലയിലെ വിവിധ സഹകരണ സംഘങ്ങൾ കെയർ ഹോം പദ്ധതിയിലേക്കുള്ള തങ്ങളുടെ ലാഭ വിഹിതം മന്ത്രിക്ക് കൈമാറി. ജില്ലയിലെ വിവിധ സഹകരണ സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.