കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും നടക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല ആലോചനാ യോഗം ചേർന്നു. ജനുവരി 18നാണ് കുടുംബ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

അദാലത്തിൽ വിവിധ വകുപ്പുകൾക്ക് എന്തെല്ലാം സഹായങ്ങളും സേവനങ്ങളും ചെയ്യാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പുകൾ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദീകരണങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായി കുടുംബ സംഗമ വേദിയിൽ സ്റ്റാളുകൾ പ്രവർത്തിക്കും. വകുപ്പുകളിൽ നിന്നുള്ള ലഘുലേഖകളും മറ്റ് സേവനങ്ങളും സ്റ്റാളുകളിൽ നിന്ന് ലഭിക്കും.

കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലായി നിരവധി അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടാണ്. 135 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് 75 വീതം അപേക്ഷകളും ആരോഗ്യ വകുപ്പിലേക്ക് 64 അപേക്ഷകളും മറ്റ് വകുപ്പുകളിലേക്ക് എല്ലാമായി 258 അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്. അപേക്ഷകൾ, സ്റ്റാൾ, നൽകുന്ന സേവനങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച് വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി നൽകി.

ഇ.കെ നാരായണൻ സ്ക്വയറിൽ രാവിലെ 10ന് നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. വേദിയിൽ എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഓട്ടൻതുള്ളൽ അരങ്ങേറും.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജോർജ്, വൈസ് പ്രസിഡന്റ് ഷൈലജ രാധാകൃഷ്ണൻ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പുഷ്പി പൊന്നൻ, സജീവ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. വിജയകുമാർ, ഡിഡി പഞ്ചായത്ത്, ഫിഷറീസ്, അസാപ്, സിവിൽ സപ്ലൈസ്, ജല അതോറിറ്റി, സാമൂഹ്യനീതി, കുടുംബശ്രീ, ആരോഗ്യം, അക്ഷയ, കെഎസ്ഇബി, എക്സൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.