‘ജീവനി’യുടെ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി

കുറുപ്പംപടി: സംസ്ഥാനത്താകെ വിഷ രഹിത പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നിർവഹിച്ചു. വിഷ രഹിത പച്ച്ചക്കറികൾ കഴിക്കാൻ കൃഷി ചെയ്യാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ്
ജീവനി പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തക്കാളി, വഴുതന, പയർ, പാലക്, മുളക് തുടങ്ങിയ തൈകളും വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് തൈകൾ വിതരണം ചെയ്തത്. പതിനായിരത്തോളം തൈകളാണ് ഉദ്ഘാടന വേദിയിൽ വിതരണം ചെയ്തത്. വിവിധ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലുമായി ഒന്നര ലക്ഷത്തോളം തൈകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന ലക്ഷ്യം മുൻനിർത്തി വിവിധങ്ങളായ പദ്ധതികൾ കൃഷി വകുപ്പ് നടപ്പിലാക്കുന്നു. എല്ലാ വീട്ടിലും കറിവേപ്പില, മുരിങ്ങ, പപ്പായ, പലതരം ചീര, വാഴ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത വിത്തിനങ്ങൾ തെരഞ്ഞെടുത്തു പ്രചരിപ്പിക്കുകയും ചെയ്തു വരുന്നു. സ്കൂളുകൾ, അങ്കണവാടി തുടങ്ങി പൊതു സ്വകാര്യ സ്ഥാപനങ്ങളിലെ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുക, നടീൽ വസ്തു കൈമാറ്റ കൂട്ടായ്മകൾ സംഘടിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു.