കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. വർഷങ്ങളോളം വീടില്ലാതെ കഷ്ടപ്പെട്ടവർക്ക് ചെറുതെങ്കിലും ഒരു വീട് സർക്കാർ നൽകിയത് ചെറിയ കാര്യമല്ലെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു. സമ്പന്നർ മണിമാളിക പണിയുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സഹായങ്ങൾ നൽകാം, എന്നാൽ അവർക്ക് വേണ്ടത് സർക്കാർ നൽകുമെന്ന് ആശ്വസിപ്പിച്ചു വിടുകയാണ് ചെയ്യുന്നത്. ലളിതമായിട്ടാണെങ്കിലും അടച്ചുറപ്പുള്ള ഒരു വീട് സർക്കാർ നൽകുന്നത് വലിയ കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സർക്കാർ ധനസഹായത്തോടെ വീട് പണി പൂർത്തിയാക്കിയ 466 കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. വീട് കിട്ടിയവർക്ക് ലഭിക്കേണ്ട മറ്റ് സഹായങ്ങൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇരുപതോളം കൗണ്ടർ സജ്ജീകരിച്ചിരുന്നു. പദ്ധതി വിജയമാക്കുന്നതിൽ ആത്മാർത്ഥമായി സേവനം നൽകിയ വിവിധ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വേദിയിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എൻ.സേതുലക്ഷ്മി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.