ലക്ഷ്വറി ബസ്സുകൾക്ക് പെർമിറ്റ് ഇല്ലാതെ  സർവ്വീസ് നടത്തുന്നതിന് അനുവാദം നൽകുന്ന കേന്ദ്രകരട് വിജ്ഞാപനത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും മന്ത്രി  അറിയിച്ചു.

വിഷയം വിശദമായി പരിശോധിക്കുന്നതിന് 17ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ഗതാഗത കമ്മീഷണർ, കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതലയോഗം മന്ത്രി വിളിച്ചിട്ടുണ്ട്.

പ്രാഥമിക പരിശോധന പ്രകാരം ഇത്തരത്തിൽ ലക്ഷ്വറി എ.സി ബസ്സുകൾക്ക് പെർമിറ്റ് ആവശ്യമില്ലാതെ സംസ്ഥാനത്തിനകത്തും അന്തർസംസ്ഥാനതലത്തിലും സർവ്വീസ് നടത്താൻ അനുവദിച്ചാൽ അത് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസിനെയും സാധാരണ ഫ്ളീറ്റ് ഓണർമാരായ ചെറുകിട ബസ് ഓപ്പറേറ്റർമാരെയും സാരമായി ബാധിക്കുമെന്നാണ് സൂചനയെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം നിലവിൽ എല്ലാവിധ ബസ്സുകൾക്കും പെർമിറ്റ് ആവശ്യമാണ്.