മൂന്നു ദശാബ്ദത്തിലേറെ അനിശ്ചിതത്വത്തിൽ നിന്നിരുന്ന പരപ്പനങ്ങാടി തുറമുഖ നിർമ്മാണം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.  കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ലിമിറ്റഡും തമ്മിൽ ഒപ്പുവച്ച 102 കോടി രൂപയുടെ നിർമ്മാണ കരാർ ഉടമ്പടി ഫിഷറീസ്മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുടെ സാന്നിധ്യത്തിൽ കൈമാറി.

ഹാർബറിന്റെ സ്ഥാനം സംബന്ധിച്ച് പരപ്പനങ്ങാടിയിലെ ചാവപ്പടി ചെട്ടിപ്പടി പ്രദേശവാസികൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്‌നം സർക്കാർ രമ്യമായി പരിഹരിച്ചതിനെത്തുടർന്നാണ് ഹാർബർ നിർമ്മാണത്തിനുള്ള സാഹചര്യം തെളിഞ്ഞത്.  ഇതിനുവേണ്ടി മൂന്നംഗ വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. മുറിത്തോടിന് 60 മീറ്റർ തെക്കോട്ടുമാറി പ്രധാന പുലിമുട്ടും 540 മീറ്റർ വശക്ക് മറ്റൊരു പുലിമുട്ടും നിർമ്മിക്കുന്നതിനും മുറിത്തോട് തെക്കേ പുലിമുട്ടിനോട് പ്രത്യേക ചാനൽ നിർമിക്കാനുമുള്ള ഉള്ള വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയും ചെയ്തു.

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി കിഫ്ബിയ്ക്ക് സമർപ്പിക്കുകയും വിശദമായ പരിശോധനകൾക്ക് ശേഷം 133 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കുകയും ചെയ്തു.  പദ്ധതിയുടെ സിവിൽ പ്രവൃത്തികൾക്കുള്ള ടെണ്ടർ ക്ഷണിച്ചതിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ പേരിൽ കരാർ ഉറപ്പിച്ചാണ് ഉടമ്പടി ഒപ്പുവച്ചത്.

നിർദ്ദിഷ്ട ഹാർബർ പദ്ധതിയിൽ 1410 മീറ്ററും 785 മീറ്ററും നീളമുള്ള രണ്ടു പുലിമുട്ടുകൾ 150 മീറ്റർ വീതം നീളമുള്ള രണ്ട് ലേല ഹാളുകൾ, 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ട് ലേല ഹാളുകൾ, അത്രതന്നെ വിസ്തീർണ്ണത്തിൽ മറ്റ് അനുബന്ധ സൗകര്യങ്ങൾ, പാർക്കിങ് ഏര്യ, ചുറ്റുമതിൽ, മാലിന്യ സംസ്‌കരണ സംവിധാനം എന്നിവ ഉൾപ്പെടുന്നു.
പദ്ധതിയുടെ നിർമ്മാണ കാലാവധി 30 മാസമായാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിർവഹിച്ചിരുന്നു. നിർമ്മാണം അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.