ശബരിമലയില്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ഗസ്റ്റൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ രൂപരേഖയുണ്ട്.

വനംവകുപ്പിന്റെ ഇടപെടല്‍ ആവശ്യമില്ലാത്തതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ പദ്ധതികളാണ് ഇവ.  ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. റോപ് വേ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ ഉടന്‍ മാറിക്കിട്ടുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സിയും ഇതിനായി  കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഭക്തജന ബാഹുല്യം വര്‍ധിച്ചതെങ്കിലും സമാധാനത്തോടൊയും ശാന്തിയോടെയും ദര്‍ശനം നടത്താന്‍ ഈ സീസണിലെത്തിയ ഭക്തജനങ്ങള്‍ക്ക് സാധിച്ചു. പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഒരു ചുവട്കൂടി മുന്നോട്ട് വെയ്ക്കുവാന്‍ ഇത്തവണ സാധിച്ചു. കേരളത്തിലും ഇതരസംസ്ഥാനങ്ങലളിലുമുള്ള ഗുരസ്വാമിമാരില്‍ നിന്നും പ്ലാസ്റ്റിക് നിരോധനത്തിനായി നിര്‍ലോപമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇരുമുടിക്കെട്ടുകളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്ത മണ്ഡലം-മകരവിളക്ക് മഹോല്‍സവത്തിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, അംഗങ്ങളായ എന്‍ വിജയകുമാര്‍, കെ എസ് രവി, ദേവസ്വം സെക്രട്ടറി ഗായത്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.