ഇളയരാജാ…, ഹരിവരാസനം എന്ന പേരില്‍ ഒരു അവാര്‍ഡുണ്ട്. കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് അത് നല്‍കുന്നത്. നീ വരണം, അതു വാങ്ങണം… അയ്യപ്പന്റെ ഈ അരുളപ്പാടു കേട്ടാണ് ഞാന്‍ വന്നത്. ഇളയരാജയുടെ തമിഴ് മൊഴിലുള്ള ഈ ഭാഷണം കേട്ട് സന്നിധാനം ശാസ്താമണ്ഡപത്തിന് മുന്നില്‍ തിങ്ങി നിറഞ്ഞ ഭക്തജനങ്ങള്‍  ശരണ മന്ത്രങ്ങളോടെ ഹര്‍ഷാരവം  മുഴക്കി. അവാര്‍ഡ് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഇളയരാജ.

ലോകത്തില്‍ ഇത്തരം ഒരു സ്ഥലം വേറെയില്ല. ഭക്തിയും ചൈതന്യവും ഒ ത്തു ചേരുന്ന
പുണ്യക്ഷേത്രം. അയ്യപ്പന്‍ വിളിക്കാതെ ആര്‍ക്കും ഇവിടെ എത്താന്‍ ആകില്ല. ഇവിടേക്കുള്ള എന്റെ ആദ്യ വരവില്‍ത്തന്നെ ഇരുമുടിക്കെട്ട് ശിരസ്സില്‍ വച്ചപ്പോള്‍ അത് പുണ്യപാപങ്ങളുടെ പ്രത്യക്ഷ പ്രതീകങ്ങളാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇത്രയും പറഞ്ഞ് അദ്ദേഹം തന്നെ ഈണമിട്ട് ആലപിച്ച രണ്ട് അയ്യപ്പ ഭക്തിഗാനങ്ങളുടെ ഈരടികള്‍  അയ്യപ്പന് പാടി സമര്‍പ്പിച്ച ശേഷമാണ് ഇളയരാജ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

സംഗീത ലോകത്തെ വിസ്മയമാണ് ഇളയരാജയെന്നും അദ്ദേഹത്തിന് ഹരിവരാസനം പുരസ്‌കാരം സമര്‍പ്പിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഗീത്തിലൂടെ മനുഷ്യനെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കാനാവുമെന്ന് തെളിയിച്ച ഇളയരാജയുടെ ഗാനങ്ങള്‍ ലോകത്തെ അതിരുകളില്ലാതെ നോക്കിക്കാണുന്നതിന്  നമ്മെ സഹായിച്ചു. ഒന്‍പതാമത് വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരമാണ് മന്ത്രി ഇളയരാജക്ക് സമര്‍പ്പിച്ചത്.

രാജ്യത്ത് പകരം വയ്ക്കാന്‍ ആളില്ലാത്ത സംഗീതത്തിന്റെ അമക്കാരനാണ് ഇളയരാജയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ രാജു എബ്രഹാം എം എല്‍ എ പറഞ്ഞു. ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കീര്‍ത്തി പത്രം വായിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു, അംഗങ്ങളായ എന്‍ വിജയകുമാര്‍, കെ എസ് രവി, ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എം എല്‍ എ,  ജസ്റ്റിസ് അരിജിത് പസായത്ത്,  ദേവസ്വം ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍,  സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ്, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി എസ് തിരുമേനി, ജസ്റ്റിസ് രവികുമാര്‍, ഐ ജി : എസ് ശ്രീജിത്ത്, ജില്ലാ കലക്ടര്‍ പി ബി നൂഹ്, ശബരിമല  എ ഡി എം – എന്‍ എസ് കെ ഉമേഷ്,  ദേവസ്വം സെക്രട്ടറി ഗായത്രീ ദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.