കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 27ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ടയിൽ നിന്ന് ലഭിച്ചതും സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിൽ ഉദ്യോഗസ്ഥരിൽ നിന്നും ഹർജിക്കാരിൽ നിന്നും തെളിവെടുക്കും.

തുടർന്ന് ജില്ലയിലെ സർക്കാർ ചിൽഡ്രൻസ് ഹോം, മഹിളാ മന്ദിരം, വൃദ്ധസദനം എന്നിവിടങ്ങളിൽ സന്ദർശിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും യോഗത്തിനെത്തി രേഖാമൂലം പരാതി നൽകാം.

വിഴിഞ്ഞം തുറമുഖം വേഗം പൂർത്തിയാക്കണമെന്ന് നിയമസഭാ സമിതി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കണമെന്ന് നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് സമിതി തുറമുഖ സന്ദർശനം നടത്തി. വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം വിളിക്കുന്നത് പരിഗണിക്കണമെന്ന് സമിതി ചെയർമാൻ സി. ദിവാകരൻ ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണത്തിന് ആവശ്യമായ ഭൂരിഭാഗം കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്. തുറമുഖം എത്രയും വേഗം കമ്മീഷൻ ചെയ്യണമെന്ന  സമിതിയുടെ ഏകകണ്ഠമായ പ്രമേയം മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർമ്മാണ പുരോഗതിയും പരാതികളും സംബന്ധിച്ച് കമ്പനി അധികൃതരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിച്ചു. സന്ദർശനത്തിൽ സമിതി അംഗങ്ങളായ എം.വിൻസെന്റ്, സണ്ണി ജോസഫ്, എസ് രാജേന്ദ്രൻ, എം.ഉമ്മർ എന്നിവർ പങ്കെടുത്തു.