തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ റിപബ്‌ളിക് ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം. പി, എം. എൽ. എമാർ, മേയർ കെ. ശ്രീകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, യു. എ. ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, ജർമൻ ഓണററി കോൺസൽ ഡോ. സയിദ് ഇബ്രാഹിം, മാലിദ്വീപ് കോൺസൽ തേർഡ് സെക്രട്ടറി അബ്ദുൾ ലത്തീഫ് അലി, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മറ്റു ജനപ്രതിനിധികൾ, സ്വാതന്ത്ര്യ സമര സേനാനികളായ അഗസ്റ്റി മത്തായി, നാരായണ പിള്ള, കെ. ആർ. കണ്ണൻ, സായുധ സേന ഉദ്യോഗസ്ഥർ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

രാവിലെ 8.30ന് ഗവർണർ പതാക ഉയർത്തിയപ്പോൾ വ്യോമസേന ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. സതേൺ എയർ കമാൻഡ് സ്‌ക്വാഡ്രൺ ലീഡർ ബിക്രം സിൻഹയായിരുന്നു പരേഡ് കമാൻഡർ.

 

ദി ഗർവാൾ റൈഫിൾസ് പതിമൂന്നാം ബറ്റാലിയൻ മേജർ രിഷവ് ജംവാൾ സെക്കന്റ് ഇൻ കമാൻഡായി. കരസേന, വ്യോമസേന, അതിർത്തി രക്ഷാസേന, റെയിൽവേ സുരക്ഷാസേന, തമിഴ്‌നാട് സ്‌റ്റേറ്റ് പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, കേരള വനിത കമാൻഡോസ്, കേരള സായുധ വനിത ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ജയിൽ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ്, അഗ്‌നിരക്ഷാ വകുപ്പ്, വനം വകുപ്പ്, എൻ.സി.സി സീനിയർ ഡിവിഷൻ ആൺകുട്ടികൾ, പെൺകുട്ടികൾ, എൻ.സി.സി സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആൺകുട്ടികൾ, പെൺകുട്ടികൾ, ഭാരത് സ്‌കൗട്ട്‌സ്, ഭാരത് ഗൈഡ്‌സ്, അശ്വാരൂഡ പോലീസ്, കരസേനയുടെയും പോലീസിന്റേയും ബാന്റുകൾ എന്നിവർ പരേഡിൽ അണിനിരന്നു. സ്‌കൂൾ കുട്ടികൾ ദേശീയ ഗാനാലാപനം നടത്തി.