പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുകയാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മെഴുവേലി സർവീസ് സഹകരണബാങ്ക് പുതുതായി ആരംഭിച്ച ആലക്കോട് ശാഖയുടെ ഉദ്ഘാടനം ആലക്കോട് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനികവത്കരണം ശരിയായ രീതിയിൽ നടപ്പാക്കിയാൽ മാത്രമേ സഹകരണ ബാങ്കുകൾക്ക് ഇനിയുള്ള കാലത്ത് നിലനിൽക്കാൻ കഴിയു. പുത്തൻ തലമുറ ബാങ്കുകളോട് കിടപിടിക്കത്തക്ക സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുവാൻ കേരള ബാങ്ക് രൂപീകരണത്തോടെ സഹകരണ ബാങ്കുകൾക്ക് കഴിയും. അറുപതു കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിന് പ്രതീക്ഷിക്കുന്നത്. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനം മന്ദീഭവിക്കും എന്ന ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജില്ലാ സഹകരണ ബാങ്കുകളുടെ ഒരു ബ്രാഞ്ചും നിർത്തലാക്കില്ല. ജില്ലാ ബാങ്കുകളുടെ നിലവിലുള്ള ഭരണരീതിയിൽ മാത്രമാണ് മാറ്റമുണ്ടാകുന്നത്. കേരളാ ബാങ്ക് രൂപീകരണത്തോടെ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികൾ ഇല്ലാതാകും. ജില്ലാ ബാങ്കുകളുടെ നിയന്ത്രണം പൂർണമായും കേരളാ ബാങ്കിന്റെ കീഴിലാകുന്നതു മൂലമാണ് ഇത്.
കേന്ദ്ര സർക്കാരിന്റെ പുതിയ ബാങ്കിംഗ് നയത്തിൽ വലിയ ബാങ്കുകൾക്കു മാത്രമേ നിലനിൽപ്പുള്ളു. കേരളത്തിലെ പ്രവാസികളുടെ ബാങ്ക് നിക്ഷേപം ഏകദേശം ഒന്നരലക്ഷം കോടി രൂപ വരും. ഇതിൽ പകുതിയെങ്കിലും സഹകരണബാങ്കുകളിൽ എത്തിക്കുവാൻ കഴിഞ്ഞാൽ അത് കേരളത്തിന്റെ വികസന ചരിത്രത്തിലെ ഒരു പുത്തൻ നാഴികക്കല്ലായി മാറും. പ്രവാസി നിക്ഷേപം കൂടി സഹകരണബാങ്കുകളിലേക്ക് എത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വായ്പ നൽകലും നിക്ഷേപം സ്വീകരിക്കലും മാത്രമല്ല കേരളത്തിലെ സഹകരണ ബാങ്കുകൾ ചെയ്യുന്നത്. നീതി സ്റ്റോറുകിലൂടെയും മെഡിക്കൽ സ്റ്റോറുകളിലൂടെയും വിപണിയിൽ സജീവമായ ഇടപെടൽ നടത്തുന്നു. സ്‌കൂളുകളുടെയും കോളജുകളുടെയും സ്ഥാപനത്തിലൂടെ വിദ്യാഭ്യാസ രംഗത്തെ ഇടപെടൽ തുടങ്ങി ജനങ്ങൾക്ക് സഹായകമായ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം അതിന്റെ കർത്തവ്യം നിർവഹിക്കുന്നുണ്ട്.
നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ ഈവർഷം 5000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്നരലക്ഷം കോടി രൂപയ്ക്കു മേൽ സഹകരണ നിക്ഷേപമുള്ള ഒരു സംസ്ഥാനമാണ് കേരളം. ഇത് ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ പകുതിയോളം വരും എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. രാഷ്ട്രീയ അതിപ്രസരത്തിന്റെ പേരിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം പലപ്പോഴും പഴികേൾക്കാറുണ്ട് എന്നത് ഒരു വസ്തുതയാണെങ്കിലും സഹകരണരംഗത്ത് രാജ്യത്തിനു മാതൃകയാകുവാൻ കഴിയുന്ന തരത്തിലുള്ള വളർച്ച കൈവരിക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957ലെ ആദ്യ സർക്കാർ ആവിഷ്‌കരിച്ച നയങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ, സഹകരണ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു. ലാഭകരമല്ലാത്ത സ്‌കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നുണ്ട്. പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ലാഭകരമല്ലാത്ത സ്‌കൂളുകൾ തുടരുന്നത് എന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കണം. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക സർക്കാർ നയമാണ്. ഇതിന്റെ ഭാഗമായാണ് 465 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 45,000 ക്ലാസ് മുറികൾ സ്മാർട്ട് ആക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുള്ളത്. ജലസ്രോതസുകളുടെ സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനുമായുള്ള ഹരിതകേരളം പദ്ധതി, ആരോഗ്യസേവന രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ആർദ്രം പദ്ധതി, സംസ്ഥാനത്തെ അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീട് നൽകുന്നതിനുള്ള ലൈഫ് പദ്ധതി തുടങ്ങി സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് 1946ൽ കുറിയാനിപള്ളി കേന്ദ്രമാക്കി 2000 രൂപ മൂലധനവുമായി പ്രവർത്തനം ആരംഭിച്ച മെഴുവേലി സർവീസ് സഹകരണ ബാങ്ക് ഇന്ന് 40 കോടി രൂപ പ്രവർത്തന മൂലധനവും 36 കോടി രൂപ നിക്ഷേപവും പതിനായിരത്തോളം അംഗങ്ങളുമുള്ള ജില്ലയിലെ ക്ലാസ് വൺ ബാങ്കായി മാറിയത് പ്രദേശത്തെ സഹകാരികളുടെയും നിക്ഷേപകരുടേയും ആത്മാർഥതയാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീതി സ്റ്റോർ, കൺസ്യൂമർ സ്റ്റോർ, വളം ഡിപ്പോ, നീതി മെഡിക്കൽ സ്റ്റോർ, മലബാർ സിമന്റ്സ് ഏജൻസി തുടങ്ങി ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ബാങ്ക് ഭരണസമിതിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മുൻ എംഎൽഎ കെ.സി. രാജഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. തങ്കമ്മ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, ബാങ്ക് പ്രസിഡന്റ് ടി.കെ. ജനാർദ്ദനൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ പി.ജെ. അബ്ദുൾ ഗഫാർ, ബാങ്ക് സെക്രട്ടറി സരസ്വതിയമ്മാൾ, വിവിധ തദ്ദേശഭരണ ഭാരവാഹികൾ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
