കാക്കനാട്: രാജ്യപുരോഗതിക്കാവശ്യം സഹിഷ്ണുതയോടെയുള്ള സമീപനമാണെന്ന് വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീന്‍. കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന 69-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മതങ്ങളെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതും അസഹിഷ്ണുതയും രാജ്യപുരോഗതിക്ക് സഹായകരമാകില്ല. അത്തരം നിലപാടുകള്‍ ഇതുവരെയുള്ള നമ്മുടെ നേട്ടങ്ങളുടെ വില കുറയ്ക്കും. എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും മുറുകെ പിടിക്കണം. തെറ്റായ പ്രവണതകളും സങ്കുചിത താല്‍പര്യങ്ങളും നിരുത്സാഹപ്പെടുത്തണം. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്യം എല്ലാവര്‍ക്കും ലഭിക്കണം. ഒരുവിഭാഗത്തിന് മറ്റൊരു വിഭാഗത്തിനുമേല്‍ ആധിപത്യമുണ്ടാകുന്ന സ്ഥിതിവിശേഷം ഗുണകരമാകില്ല. എല്ലാവിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പബ്ലിക് ദിനം. മതനിരപേക്ഷത ഉറപ്പുനല്‍കുന്ന ഭരണഘടനയില്‍ ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പരിഗണനയില്ല. സമ്പത്ത് ഒരു വിഭാഗത്തിന്റെ കൈയില്‍ കുന്നുകൂടുന്ന അസമത്വമുള്ള രാജ്യമല്ല നമുക്കാവശ്യം. എല്ലാവര്‍ക്കും തൊഴിലും നീതിയും ഉറപ്പാക്കുന്ന ബഹുസ്വരതയുള്ള നാടിനായി പ്രവര്‍ത്തിക്കണം. നിരവധി രംഗങ്ങളില്‍ രാജ്യത്തിനു തന്നെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള കേരളത്തിന്റെ നേട്ടങ്ങള്‍ വീണ്ടും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. യോജിപ്പിന്റെ നല്ല സന്ദേശങ്ങള്‍ പകരുന്ന നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ണാഭമായി 69-ാമത് റിപ്പബ്ലിക് ദിനം
കാക്കനാട്: രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ ജില്ലയില്‍ വര്‍ണാഭമായി. രാവിലെ 8.30ഓടെ പരേഡ് ഗ്രൗണ്ടിലെത്തിയ വ്യവസായ കായിക യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീനെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുളള, കൊച്ചി സിറ്റി പോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേശീയപതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൊച്ചി സിറ്റി റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.എം ജോസഫ് ആയിരുന്നു പരേഡ് കമാണ്ടര്‍.
കൊച്ചി സിറ്റി പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എറണാകുളം റൂറല്‍ പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കൊച്ചി സിറ്റി ലോക്കല്‍ പോലീസ്, കൊച്ചി സിറ്റി വനിതാ പോലീസ്, 21 കേരളബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഡിവിഷന്‍, 21 ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ വിംഗ്, സീ കേഡറ്റ് കോര്‍പ്‌സ് സീനിയര്‍ ഡിവിഷന്‍, എറണാകുളം, തേര്‍ഡ് കേരള ബറ്റാലിയന്‍ എന്‍സിസി എയര്‍സ്‌ക്വാഡ്രണ്‍, എറണാകുളം, എക്‌സൈസ്, എറണാകുളം, 7 കേരള ബറ്റാലിയന്‍ എന്‍സിസി നേവല്‍ വിംഗ്, എറണാകുളം എന്നീ സായുധ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
ഫയര്‍& റെസ്‌ക്യൂ സര്‍വീസ്, എറണാകുളം, സീ കേഡറ്റ് കോര്‍പ്‌സ് ജൂനിയര്‍ ഡിവിഷന്‍ (ഗേള്‍സ്), സീ കേഡറ്റ് കോര്‍പ്‌സ് ജൂനിയര്‍ ഡിവിഷന്‍ ബോയ്‌സ്), കസ്റ്റംസ് കേഡറ്റ് കോര്‍പ്‌സ് ഗവ. ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂള്‍ നോര്‍ത്ത് പറവൂര്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂള്‍, എംആര്‍എസ് കീഴ്മാട്, എറണാകുളം ഗവ.ഗേള്‍സ് എച്ച് എസ് എസ്, ഗവ.ഗേള്‍സ് എച്ച് എസ്, മൂക്കന്നൂര്‍, എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങളും, പാലാരിവട്ടം സെന്റ് വിന്‍സെന്റ് ഡിപോള്‍ ഇ എം യു പി എസിലെ ജൂനിയര്‍ റെഡ്‌ക്രോസ് വിഭാഗവും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എറണാകുളം,  ഞാറള്ളൂര്‍ ബത്‌ലഹേം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഗൈഡ്‌സും, എറണാകുളം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പ്ലാറ്റൂണിലെ സ്‌കൗട്ട്‌സുമാണ് ആയുധമില്ലാത്ത പ്ലാറ്റൂണുകളില്‍ അണിനിരന്നത്.
തൃശൂര്‍ ആര്‍വി പുരം കെ എപി ഒന്നാം ബറ്റാലിയന്‍, സീകേഡറ്റ് കോര്‍പ്‌സ് ബാന്റ്, എറണാകുളം, സെന്റ് ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്, സെന്റ് ആന്റണീസ് എച്ച് എസ് എസ് കച്ചേരിപ്പടി, സെന്റ് ഡൊമിനിക് എച്ച് എസ് എസ് പള്ളുരുത്തി എന്നീ ബാന്റ് ടീമുകളും പരേഡില്‍ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള ജില്ലാ കളക്ടറുടെ സിവിലിയന്‍ പുരസ്‌കാരം വിതരണം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനാലാപനവും നടന്നു.
പുരസ്‌കാരം നേടിയവര്‍:
എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.മഹേഷ്, ഡെപ്യൂട്ടി ഡിഎംഒ(ഹെല്‍ത്ത്) ഡോ. വിദ്യ കെ.ആര്‍, കാക്കനാട് ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബിജി പി, നെഹ്രു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ ടോണി തോമസ്, കളക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് ജയന്‍ എം, ജൂനിയര്‍ സൂപ്രണ്ട് നൂറുള്ള ഖാന്‍ എം.പി, വില്ലേജ് ഓഫീസര്‍മാരായ ജയ്‌സണ്‍ മാത്യു (കുട്ടമ്പുഴ), അഭിലാഷ് പി.ആര്‍ (കിഴക്കമ്പലം), അനില്‍കുമാര്‍ ടി.വി (പാറക്കടവ്), സന്തോഷ് എ.പി (വാളകം), കുന്നത്തുനാട് താലൂക്ക് സീനിയര്‍ ക്ലര്‍ക്ക് സന്ദീപ് കെ.എസ്, കളക്ട്രേറ്റ് സീനിയര്‍ ക്ലര്‍ക്ക് ധനേഷ് രാജ് എസ്, കോതമംഗലം താലൂക്ക് ക്ലര്‍ക്ക് കമാല്‍ എസ്, ആശാഭവന്‍ സ്റ്റാഫ് നഴ്‌സ് ലക്ഷ്മിപ്രിയ.
എംഎല്‍എമാരായ പി.ടി.തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം. പോള്‍, കൊച്ചി റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് സാക്കറെ, ഡിസിപി കറുപ്പസ്വാമി, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, എഡിഎം എം.കെ. കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേഡിനുശേഷം സിവില്‍സ്‌റ്റേഷനിലെ ഗാന്്ധിപ്രതിമയില്‍ മന്ത്രിയും എംഎല്‍എമാരും ജില്ലാ കളക്ടറും ഹാരാര്‍പ്പണം നടത്തി.
പരേഡില്‍ സമ്മാനാര്‍ഹരായവര്‍:
സായുധ പ്ലാറ്റൂണ്‍ വിഭാഗത്തില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, കൊച്ചി സിറ്റി ഒന്നാം സ്ഥാനവും ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, എറണാകുളം റൂറല്‍ രണ്ടാം സ്ഥാനവും നേടി. എന്‍സിസി വിഭാഗത്തില്‍ 7 കേരള നേവല്‍ എന്‍സിസി ഒന്നാം സ്ഥാനവും തേര്‍ഡ് കേരള ബറ്റാലിയന്‍ എന്‍സിസി രണ്ടാം സ്ഥാനവും നേടി. ആയുധമില്ലാത്ത പ്ലാറ്റൂണ്‍ വിഭാഗത്തില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഒന്നാം സ്ഥാനം നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളും ബോയ്‌സ് വിഭാഗത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്്കൂളും ഒന്നാമതെത്തി. ഗൈഡ്‌സ് വിഭാഗത്തില്‍ ഞാറള്ളൂര്‍ ബത്‌ലഹേം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാമതും ജില്ലാ ഹെഡ് ക്വാട്ടേഴ്‌സ് രണ്ടാമതും എത്തി. സ്‌കൂള്‍ ബാന്റ് വിഭാഗത്തില്‍ സെന്റ് ആന്റണീസ് എച്ച് എസ് എസ് കച്ചേരിപ്പടി, സെന്റ് ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്, സൈന്റ് ഡൊമിനിക് എച്ച് എസ് എസ് പള്ളുരുത്തി എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.