കാക്കനാട്: വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടത്തിന്റെ നുമ്മ ഊണ് വിശപ്പുരഹിത നഗരം പദ്ധതിക്ക് തുടക്കം. റിപ്പബ്ലിക്ക് ദിന ചടങ്ങിനു ശേഷം വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനു മുഴുവന്‍ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് മുന്‍കൈയെടുത്ത ജില്ലാ കളക്ടറെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ട്. നിരവധി രംഗങ്ങളില്‍ മാതൃകയാകുന്ന കേരളത്തിന് അപമാനമാണ് ഇത്തരമൊരു സ്ഥിതി വിശേഷം. പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് കൂപ്പണ്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷന്റെയും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റിയുടെയുംസഹകരണത്തോടെയാണ് നടപ്പാക്കുന്നത്. തുടക്കത്തില്‍ 50 കൂപ്പണുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.
ഫെബ്രുവരി ഒന്നു മുതലാണ് പദ്ധതി പ്രാവര്‍ത്തികമാകും. കാക്കനാട് കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനിലും നുമ്മ ഊണിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഈ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്ന കൂപ്പണുകള്‍ നല്‍കിയാല്‍ കാക്കനാട്ടെയും സൗത്തിലെയും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കും. കാക്കനാട്ടും സൗത്തിലും നാലു വീതം ഹോട്ടലുകള്‍ ഇതിനായി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്. കാക്കനാട് കളക്ടറേറ്റിന് സമീപം അളകാപുരി, ലിബ, അയോദ്ധ്യ, വാഴക്കാലയില്‍ ഗാലക്‌സി എന്നീ ഹോട്ടലുകളിലാണ് കൂപ്പണുകള്‍ നല്‍കി ഭക്ഷണം കഴിക്കാനാകുക. സൗത്തില്‍ ആര്യാസ്, അല്‍ഫല, ആര്യഭവന്‍, മുഗള്‍ എന്നീ ഹോട്ടലുകളിലാണ് സൗജന്യ ഭക്ഷണം.
എംഎല്‍മാരായ പി.ടി തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, അസി. കളക്ടര്‍ ഈശ പ്രിയ, പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി. എന്‍. നീലകണ്ഠന്‍, കെഎച്ച്ആര്‍എ പ്രസിഡന്റ് അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.