* യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണത്തിന് തുടക്കമായി

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ ആരുടേയും പിന്നിലാകാൻ പാടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്‌സുകളും സമീപനവും വരണം. ലോകത്തിന്റെ എല്ലാ മേഖലയിലും ആധുനിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കോളേജ്, യൂണിവേഴ്‌സിറ്റി അധികൃതർ കുട്ടികളുടെ അഭിവൃദ്ധിക്ക് അനുസൃതമായ നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരാണ്. ഏറെ പ്രയോജനകരമായ പദ്ധതിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ പുതിയ നിർമാണം. കെട്ടിടം യാഥാർഥ്യമാകുന്നതോടെ ലൈബ്രറിയും സയൻസ് ലാബും പൂർണമായി ഇതിലേക്ക് മാറും. കോളേജിലെ ഒന്നര ലക്ഷത്തോളം അമൂല്യപുസ്തക ശേഖരം സൂക്ഷിക്കാനും ആധുനിക കാലത്തിനനുസൃതമായി ഡിജിറ്റൽ ലൈബ്രറി ക്രമീകരിക്കാനും ഇവിടെ സാഹചര്യമുണ്ടാകും. ഡിജിറ്റൽ ലൈബ്രറിയുടെ ഗുണം പൊതുജനങ്ങൾക്ക് കൂടി ലഭിക്കണം. സയൻസ് ലാബും ഗവേഷണ ഉപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാനും പുതിയ മന്ദിരം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്‌കരണത്തിന്റെ വഴിയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. ഇതു വരെ ചിന്തിച്ച വഴികളിൽ നിന്ന് മാറി ചിന്തിക്കാനാകണം. ഇതിൽ എല്ലാവരും ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. നൂതന സാങ്കേതിക വിദ്യയും രൂപസങ്കൽപ്പവും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായാണ് നിർമാണം പൂർത്തിയാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി കെട്ടിടം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിഘ്‌നേശ്വരി, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട്, പി.ടി.എ വൈസ് പ്രസിഡൻറ് ജി. ബാബു, കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് എന്നിവർ സംബന്ധിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഉഷാ ടൈറ്റസ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ: കെ. മണി നന്ദിയും പറഞ്ഞു.


യൂണിവേഴ്‌സിറ്റി കോളേജിലെ നിലവിലുള്ള കെട്ടിടങ്ങൾക്ക് സമാനമായി പൈതൃക ശൈലി നിലനിർത്തിയാകും പുതിയ കെട്ടിടം നിർമിക്കുക. കെട്ടിടത്തിന് 20750 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. നിർമാണം നടക്കുന്ന സ്ഥലത്ത് നിലനിന്നിരുന്ന കെട്ടിടത്തിന്റെ വിക്‌ടോറിയൻ ശൈലിയിലുള്ള പ്രൗഢഗംഭീരമായ മുൻഭാഗം സംരക്ഷിച്ചുകൊണ്ടാകും പുതിയ മന്ദിരം നിർമിക്കുക. മൂന്നു നിലകളും ഒരു ഭൂഗർഭ നിലയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാംനിലയിലും വിശാലമായ ലൈബ്രറി, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ സൗകര്യം, സ്റ്റാഫ് റൂം മുതലായവയും രണ്ടാം നിലയിൽ സെമിനാർ ഹാൾ, സ്റ്റാഫ് റൂം, കോൺഫറൻസ് ഹാൾ, ലൈബ്രറി എന്നിവയും സെല്ലാർ ഫ്‌ളോറിൽ സ്‌റ്റോർ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
വിക്‌ടോറിയൻ ശൈലിയിലുള്ള ഈ കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് വകുപ്പ് ആർകിടെക്ചറൽ വിഭാഗവും, സ്ട്രക്ചറൽ രൂപകൽപന പൊതുമരാമത്തിന്റെ ഡിസൈൻ വിഭാഗവുമാണ് തയാറാക്കിയിട്ടുള്ളത്. 9.35 കോടി രൂപ മുതൽമുടക്കിലാണ് കെട്ടിടം നിർമിക്കുന്നത്.