പുതുതായി 247 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 1053 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  വ്യാഴാഴ്ച ഏഴു പേർ അഡ്മിറ്റായി. 1038 പേർ വീട്ടിലെ നിരീക്ഷണത്തിലാണ്.

24 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 15 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്. പൂനെ എൻ.ഐ.വിയിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാർത്ഥിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാൽ ജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമാണെന്ന് മന്ത്രി പറഞ്ഞു.