ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും പുലർത്തുന്ന വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്നത് ജനങ്ങളുടെ ഏകതാബോധമാണെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നാനാത്വവും ബഹുസ്വരതയും ഇത്രയേറെയുളള മറ്റൊരു രാജ്യമില്ല. വിസ്തൃതിയിൽ ലോകത്തിലെ ഏഴു മഹാരാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. 29 സംസ്ഥാനങ്ങളിലും ഭാഷാപരവും മതപരവും സംസ്‌കാരപരവും ആചാരപരവുമായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ആയിരത്തിലേറെ വർഷം പഴക്കമുളള ഭാരതത്തിന്റെ സംസ്‌കാരം പങ്കു വയ്ക്കുന്ന ഏകതാബോധം ജനതയെ ഒരുമിപ്പിക്കുന്നു. ഭാരതത്തിന്റെ പ്രകൃതി പോലും ഈ ബോധത്തെ പിന്തുണയ്ക്കുന്നതാണ്.
മോഹൻജൊദാരോ, ഹാരപ്പ തുടങ്ങി ലോകം ഇരുളിൽ ആയിരുന്ന കാലത്തു പോലും ഭാരതത്തിലുണ്ടായിരുന്ന നാഗരിക സംസ്‌കാരവും നളന്ദയും തക്ഷശിലയും പോലുളള സർവകലാശാലകൾ പകർന്നു തന്ന വിദ്യാഭ്യാസപാരമ്പര്യവും അമേരിക്ക ഉൾപ്പെടെയുളള നവ രാജ്യങ്ങളുടെ സാംസ്‌കാരികതയ്ക്ക് മുൻപിൽ നമ്മുടെ ഔന്നത്യം ഉറപ്പിക്കുന്നു. എന്നാൽ നമ്മുടെ ഏകാത്മകത എന്നത് ഒരാൾ കഴിക്കുന്ന ഭക്ഷണം തന്നെ സാർവത്രികമായി ഉപയോഗിക്കപ്പെടുന്നതും എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഏകപക്ഷീയമായി നിഷ്‌കർഷിക്കപ്പെടുന്നതും ആണെന്ന ചിന്ത അറിവില്ലായ്മയാണ്. ഭക്ഷണവും വസ്ത്രവുമെല്ലാം സാമൂഹിക -സാംസ്‌കാരിക പുരോഗതിയുടെയും മാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ രൂപം കൊണ്ടതാണ്. ഇവയെ നിഷേധിക്കുന്നത് മനുഷ്യൻ കടന്നുവന്ന സാംസ്‌കാരികപഥങ്ങളെ നിരാകരിക്കലാണ്. പ്രസിഡന്റ് ഭരണം വരണം എന്ന ആശയവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ജനാധിപത്യത്തെ നിരാകരിച്ച ഏകാധിപതികൾക്ക് ചരിത്രം നൽകുന്ന ഇടം വെറുക്കപ്പെട്ടവരുടേതാണ്. എന്നാൽ ജനാധിപത്യത്തിന്റെ പ്രചാരകനായിരുന്ന ഏബ്രഹാം ലിങ്കൺ, മഹാത്മാഗാന്ധി, ഡോ.ബി. ആർ. അംബേദ്കർ, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിയ ചരിത്രപുരുഷൻമാരുടെ സ്ഥാനം എത്ര മഹനീയമാണെന്ന് ഓർക്കേണ്ടതുണ്ട്. കേരളത്തിൽ നാം ആഘോഷിക്കുന്ന മഹാബലി മുതൽ ദേശീയകവിയായ ടാഗോർ വരെ ഉയർത്തിപ്പിടിച്ച ഫിലോസഫി ജനങ്ങളുടെ ഏകതാബോധമാണ്.
ജനാധിപത്യപ്രക്രിയയിൽ ആർക്കു വോട്ട് ചെയ്താലും ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടത് എല്ലാ ജനതക്കും വേണ്ടിയാണ്. സ്ത്രീ സമത്വവും യുവാക്കൾക്ക് തൊഴിലും കുട്ടികൾക്ക് ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും എല്ലാവർക്കും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടത് അതുകൊണ്ടുതന്നെ ഭരണകർത്താക്കളുടെ ഉത്തരവാദിത്തമാണ്. കേരളത്തിൽ 1967ൽ നടപ്പാക്കിയ ഭൂപരിഷ്‌കരണം പോലൊരു സാമൂഹിക മുന്നേറ്റം മറ്റൊരു സംസ്ഥാനത്തും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തിന്റെയും തദ്ദേശീയ സ്വഭാവത്തിന് അനുസൃതമായി ഭൂപരിഷ്‌കരണം നടപ്പാക്കുക വഴി ജനങ്ങളുടെ പൗരാവകാശം സംരക്ഷിക്കാൻ കഴിയും. നമ്മുടെ ഭരണഘടനയും ഇന്ത്യയൊട്ടാകെ ബന്ധിപ്പിക്കുന്ന റെയിൽവേ, വിമാന സർവീസുകളും രാജ്യത്തെ സംരക്ഷിക്കുന്ന കര-വ്യോമ-നാവിക സേനകളും നാനാത്വത്തിലെ നമ്മുടെ ഏകതാബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനം എന്ന പദ്ധതി നൂറു ശതമാനവും നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടാം മാസത്തിൽ തുടക്കമിട്ട് അഞ്ചാം മാസത്തിൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ ഏഴു ലക്ഷം പേർക്ക് ഭവനം നിർമിച്ച് നൽകുക എന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് സർക്കാർ ഇപ്പോൾ. ഓരോ വിദ്യാർത്ഥിക്കും കമ്പ്യൂട്ടറും ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാക്കി അവ ദുരുപയോഗം ചെയ്യാതിരിക്കാനുളള സാമൂഹ്യബോധം വിദ്യാഭ്യാസത്തിലൂടെ വാർത്തെടുത്ത് നല്ല ജനതയെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നയമാണ് സർക്കാരിനുളളത്. ആരോഗ്യരംഗത്തെ കച്ചവട പ്രവണത അവസാനിപ്പിച്ച് രോഗികൾക്ക് ആധുനിക ചികിത്സ നൽകുന്ന ആരോഗ്യനയവും സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു. സമൂഹത്തെ ലഹരിവിമുക്തമാക്കാനുളള പദ്ധതികളും നടപ്പാക്കിവരുന്നു. സംസ്‌കാര സമ്പന്നമായ നമ്മുടെ നാടിന്റെ ഹരിതഭംഗി നിലനിർത്തി ജലലഭ്യത ഉറപ്പു വരുത്തുന്നതിന് ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയും വിജയകരമായി നടപ്പാക്കിവരുന്നു. അദ്ദേഹം പറഞ്ഞു.
പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫികളും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.
രാവിലെ എട്ടിനാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. മുഖ്യാതിഥിയെ ജില്ലാ കളക്ടർ ഡോ.ബി.എസ്.തിരുമേനിയും ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖും ചേർന്ന് സ്വീകരിച്ചു. മുഖ്യാതിഥി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് കമാണ്ടർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സാജു വർഗീസിന്റെ നേതൃത്വത്തിൽ പരേഡ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, നഗരസഭ വാർഡ് കൗൺസിലർ ടി എൻ ഹരികുമാർ, കൗൺസിലർ സാബു പുളിമൂട്ടിൽ, ജില്ലാ പഞ്ചായത്തംഗം സുഗതൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിദേശ വിദ്യാർത്ഥികൾ പരേഡ് കാണാനെത്തിയതും ഇത്തവണത്തെ പ്രത്യേകതയായി.
