ഫോര്‍ട്ട് കൊച്ചി: പ്രതിരോധ കുത്തിവയ്പ്പിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ശിശു രോഗ വിദഗ്ധന്‍ ഡോ. പി. എന്‍. എന്‍. പിഷാരടി. ജില്ല ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നടത്തിയ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തെ സുരക്ഷിതമായ ഇടപെടലാണ് വാക്‌സിനേഷന്‍. 2012 നു ശേഷം ഇന്ത്യയില്‍ ഒരു പോളിയോ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂര്‍ണമായും പോളിയോ നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പോളിയോ നിര്‍മാര്‍ജന യജ്ഞം വിജയകരമായി നടപ്പിലാക്കിയതിനാലാണിത്. വാക്‌സിനേഷന്‍ മൂലമാണ് പല രോഗങ്ങളും നമുക്ക് നിര്‍മാര്‍ജനം ചെയ്യാനായത്. വിശദമായ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം നടപ്പിലാക്കുന്ന വാക്‌സിനുകളെ ഭയക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്ന പല ഉല്‍പ്പന്നങ്ങളും തെളിവുകളില്ലാതെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയെയാണ് ഭയപ്പെടേണ്ടത്.
കുത്തിവെയ്പുകളെ കുറിച്ച് ആളുകളില്‍ പടരുന്ന ആശങ്കകള്‍ ദുരീകരിക്കുക എന്നുള്ളതാണ് ഇത്തരം സെമിനാറുകള്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജുവല്‍ പറഞ്ഞു. സെമിനാറില്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ശാന്തമ്മ, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിരോധമരുന്നുകള്‍, പരിസര ശുചീകരണം എന്ന വിഷയത്തില്‍ ആശ വര്‍ക്കേഴ്‌സിനും, അംഗന്‍വാടി അദ്ധ്യാപകര്‍ക്കുമായി സംഘടിപ്പിച്ച സെമിനാറില്‍ 40 ഓളം പങ്കെടുത്തു.