കൃഷിയെ ശാസ്ത്രീയമായി സമീപിക്കുകയാണെങ്കില്‍ മറ്റേതൊരു തൊഴില്‍ മേഖലയെക്കാളും മികച്ച വരുമാനം സാധ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വളരെ കുറഞ്ഞ സ്ഥലത്തും കുറഞ്ഞ സൗകര്യത്തിലും  ശാസ്ത്രീയമായി കൃഷി ചെയ്താല്‍ മികച്ച വിളവ് ഉണ്ടാക്കാം. മറ്റ് പല തൊഴില്‍ മേഖലയിലും  ഉള്ളവര്‍ കൃഷിയിലേക്ക് മടങ്ങിവരികയാണ്. സംസ്ഥാന സര്‍ക്കാര്‍ കൃഷിക്ക് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഒരു ഹെക്ടറിന് രണ്ടു സീസണില്‍ ആയി നെല്‍കൃഷിക്ക് 114000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മറ്റൊരു  സംസ്ഥാനത്തും  ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന യുടെ  മഹിളാ കിസാന്‍ സംസ്ഥാനതല സംഗമവും പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ വി വിജയദാസ് എംഎല്‍എ അധ്യക്ഷനായി.

മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന  സംസ്ഥാനതല സംഗമവും പുരസ്‌കാര വിതരണവും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും അതിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്നതിനും യന്ത്രവത്കൃത കൃഷിരീതിയിലൂടെ കാര്‍ഷിക ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുകയും ലക്ഷ്യമിട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം,  സംസ്ഥാന കുടുംബശ്രീ മിഷന്‍,  ഗ്രാമവികസന വകുപ്പ് എന്നിവ  സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന.    2012 ല്‍  ആരംഭിച്ച പദ്ധതി പാലക്കാട്, തൃശൂര്‍, മലപ്പുറം,  ആലപ്പുഴ, എറണാകുളം,  കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം,  കണ്ണൂര്‍ എന്നീ ഒമ്പത് ജില്ലകളില്‍ ആണ് നിലവില്‍ നടപ്പിലാക്കുന്നത്. പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവം മൂലമാണ് പലപ്പോഴും കൃഷി പരാജയപ്പെടുന്നത് എന്ന തിരിച്ചറിവില്‍ നിന്നാണ് പദ്ധതിയുടെ ആരംഭം. പദ്ധതിയില്‍ 39674 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  2017- 18 കാലയളവില്‍ ഈ പദ്ധതിയിലൂടെ 5148 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താന്‍ സാധിച്ചു.  പദ്ധതിക്കായി 242 നടീല്‍ മെഷീനുകളും അനുബന്ധ യന്ത്രങ്ങളും  വാങ്ങി നല്‍കിയിട്ടുണ്ട്. കൂടാതെ തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനവും നല്‍കുന്നുണ്ട്.
എം.കെ.എസ്.പി പദ്ധതി വഴി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോഗാലറി പ്രദര്‍ശനം കെ. വി. വിജയദാസ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാരി ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ലേബര്‍ ഗ്രൂപ്പുകള്‍,  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍,  ഗ്രാമപ്പഞ്ചായത്തുകള്‍,  ബ്ലോക്ക് പഞ്ചായത്തുകള്‍,  വ്യക്തികള്‍ എന്നിവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ബിന്ദു, എം. കെ.  എസ്. പി  സി ഇ ഒ ഡോക്ടര്‍ പി. കെ സനില്‍കുമാര്‍,  പി എ യു പ്രോജക്ട് ഡയറക്ടറും  സംഘാടക സമിതി കണ്‍വീനറുമായ  കെ.പി വേലായുധന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെനില  ബ്രൂണോ,  ഉദ്യോഗസ്ഥര്‍,  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.