സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും ആരോഗ്യവകുപ്പിന്റെയും ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു . ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ‘ ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധികള്‍ക്കെതിരെ’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്തെ താലൂക്ക് ആശുപത്രികള്‍ , പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍  ഉണ്ടായിട്ടുള്ളതായും സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സേവനം ജനങ്ങള്‍ക്ക് ലഭിക്കുന്നത് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രം വലിയ മാറ്റങ്ങളുണ്ടാക്കുന്നു. എന്നാല്‍ ശാസ്ത്രത്തെ തോല്‍പ്പിക്കുന്ന രോഗങ്ങള്‍ വരുന്നു  അതിനെതിരെ  എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. രോഗങ്ങള്‍ക്കെതിരെ കൃത്യമായ ബോധവത്ക്കരണം സമൂഹത്തിലും കുടുംബങ്ങളിലും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കുളവന്‍മുക്ക് വിനായക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ. ഡി.  പ്രസേനന്‍ എം. എല്‍. എ. അധ്യക്ഷനായി.

‘ആരോഗ്യജാഗ്രത പകര്‍ച്ചവ്യാധികള്‍ക്കെതിരെ’ ജില്ലാതല ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു.

കഴിഞ്ഞവര്‍ഷം ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ  വടകരപ്പതി പഞ്ചായത്ത്, കിഴക്കഞ്ചേരി പഞ്ചായത്ത്, ശ്രീകൃഷ്ണപുരം പഞ്ചായത്ത്, പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കൊപ്പം സാമൂഹികാരോഗ്യകേന്ദ്രം, പറമ്പിക്കുളം  പ്രാഥമിക ആരോഗ്യ കേന്ദ്രം,  അഗളി സാമൂഹികാരോഗ്യ കേന്ദ്രം, പട്ടാമ്പി താലൂക്ക് ആശുപത്രി എന്നിവയ്ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ലോഗോ പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഡി.എം.ഒ. കെ. എ.  നാസര്‍ ആരോഗ്യജാഗ്രതയുമായി ബന്ധപ്പെട്ട്  പൊതു ജനങ്ങള്‍ക്ക് സന്ദേശം നല്‍കി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി. കെ.ജയന്തി കൊറോണ വൈറസ്  പ്രതിരോധവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ ക്ലാസ് നടത്തി.

‘ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധികള്‍ക്കെതിരെ’ ജില്ലാതല ക്യാമ്പയിന്റെ  ഭാഗമായി സംഘടിപ്പിച്ച  ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം

ആരോഗ്യകരമായ ഭക്ഷണ രീതിയെ കുറിച്ച്  ബോധവല്‍ക്കരണം നല്‍കുന്നതിനായി ആരോഗ്യമുള്ള ഒരാള്‍ ഒരു ദിവസം ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ  ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും പരിപാടിയില്‍ നടന്നു. എ. ഡി. എം.  ടി. വിജയന്‍,  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബിനുമോള്‍, കുഴല്‍ മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശന്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി. റീത്ത ,  ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ആരോഗ്യമുള്ള ഒരാള്‍ ഒരു ദിവസത്തെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

രാവിലെ ആറിന് – റാഗി കാച്ചിയത്

രാവിലെ എട്ടിന് –  ദോശ / ഇടിയപ്പം/ അപ്പം/ ഉപ്പുമാവ്+ പച്ചക്കറികള്‍ , സാമ്പാര്‍ / ചെറുപയര്‍ പുഴുങ്ങിയത് , ഗ്രീന്‍ പീസ്‌ക്കറി / കടലക്കറി / മുട്ടക്കറി

രാവിലെ 10.30  – ചായ / കോഫി/ നാരാങ്ങാ വെള്ളം / ഏതെങ്കിലും ഒരു പഴവര്‍ഗം/ നട്ട്‌സ്/ ആവിയില്‍ പുഴുങ്ങിയ പലഹാരം / എണ്ണ പലഹാരം ( ആഴ്ചയില്‍ 3 എണ്ണം) ,

ഉച്ചയ്ക്ക ഒരു മണി –   നിശ്ചിത അളവില്‍ ചോറ് , ചപ്പാത്തി,  സാമ്പാര്‍ / വരിപ്പ് കറി / രസം/പച്ചക്കറി/ തോരന്‍/ അവിയല്‍/ ഇലക്കറി തോരന്‍/മീന്‍ കറി/ചിക്കന്‍ കറി/ പച്ചക്കറി സാലഡ്/ കൊഴുപ്പ് നീക്കിയ തൈര്.

വൈകീട്ട്  4 – ചായ ( പാല്‍ 75 മില്ലി/ ഗ്രീന്‍ ടീ)

വൈകീട്ട് 4.45 – അവില്‍ കുതിര്‍ത്തത് / ഏത്തക്ക പുഴുങ്ങിയത് / ബിസ്‌ക്കറ്റ്.

വൈകീട്ട് 6 – വെജിറ്റബിള്‍ സൂപ്പ് / കപ്പ പുഴുങ്ങിയത് /ഏതെങ്കിലുമൊരു പഴവര്‍ഗം.

വൈകീട്ട് – 7. 30 – ചപ്പാത്തി / ഗോതമ്പ് ദോശ / റാഗി ദോശ/ കഞ്ഞി/ മുട്ടക്കറി / ഗ്രീന്‍ പീസ് കറി / പയര്‍ തോരന്‍

രാത്രി 10. 30 – ഏതെങ്കിലും പഴവര്‍ഗം / സാലഡ്

പ്രമേഹരോഗി ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ടവ

ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

അരി , ഗോതമ്പ്, റാഗി , ചോളം ,ചാമ, ഓട്‌സ്, ബാര്‍ലി, കമ്പ്, അവല്‍, തോലോടു കൂടിയ മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവയും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഒഴികെയുള്ള എല്ലാ പച്ചക്കറികളും ഇലക്കറികളും  പാട നീക്കിയ പാല്‍ /മോര്, മുട്ടയുടെ വെള്ള, മീന്‍, പച്ചക്കറി സൂപ്പ്, കടുപ്പം കുറഞ്ഞ ചായ /കാപ്പി, തക്കാളി ജ്യൂസ്, ഉപ്പ് എന്നിവയും ഉള്‍പെടുത്തണം.

നിയന്ത്രിക്കേണ്ടത്.

വെള്ള റവ, തടവില്ലാത്ത ഭക്ഷണങ്ങള്‍ ,  കപ്പ, ചേന ,ചേമ്പ്, ക്യാരറ്റ് , കൂവ, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ് , കിഴങ്ങുവര്‍ഗ്ഗങ്ങള്‍ നെയ്യ്, വെണ്ണ ,0കോഴിയിറച്ചി തൊലി നീക്കിയത് , സോഡാ വെള്ളം

ഒഴിവാക്കേണ്ടത്

മൈദ, മധുരപലഹാരങ്ങള്‍ , പൊറോട്ട, പൂരി, ബട്ടൂരി , കേക്ക്, ബേക്കറി സാധനങ്ങള്‍, ജാം, ജല്ലി, വറുത്ത പയറുവര്‍ഗങ്ങള്‍, ചീസ് ,  പാല്‍പ്പാട ,കണ്ടന്‍സ്ഡ് മില്‍ക്ക്, കൊഴുപ്പുകൂടിയ പാല്‍, മുട്ടയുടെ മഞ്ഞ, മട്ടന്‍, ബീഫ്, ലിവര്‍, തലച്ചോറ് തുടങ്ങിയവ അവയവ മാംസങ്ങള്‍, പഴച്ചാറുകള്‍, ഹോര്‍ലിക്‌സ്, ബൂസ്റ്റ്, ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, കോള, പാക്കറ്റില്‍ കിട്ടുന്ന മധുര പാനീയങ്ങള്‍, ഉപ്പേരി, പപ്പടം, അച്ചാര്‍ ,ഉണക്കമീന്‍, വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍, ടിന്നില്‍ ലഭിക്കുന്ന ആഹാരങ്ങള്‍.