കണ്ണൂർ: നവീകരിച്ച ചെമ്പിലോട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന കാലമാണിതെന്നും അത് തുടര്‍ന്ന് പോകണമെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളുടെ കാതല്‍ എന്നത് ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആത്മബന്ധമാണെന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിച്ചെല്ലാന്‍ ജനങ്ങള്‍ ഇപ്പോള്‍ മടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഇന്‍വെര്‍ട്ടര്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്ന ജനസൗഹൃദ സ്ഥാപനമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് ഓഫീസ് നവീകരിച്ചത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്, സ്ഥിരം സമിതി അധ്യക്ഷ എം ഖദീജ ടീച്ചര്‍, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലക്ഷ്മി, വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണന്, തഹസില്‍ദാര്‍ വി എം സജീവന്, തഹസില്‍ദാര്‍(എല്‍ ആര്) പി പി സത്യനാഥന്, കണ്ണൂര്‍ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു, വില്ലേജ് ഓഫീസര്‍ കെ സ്മിത, ജീവനക്കാര്‍, സാമൂഹിക-രാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.