മാലിന്യങ്ങളും കുളവാഴയും മനുഷ്യ വിസര്‍ജ്യങ്ങളും നിറഞ്ഞു ഒഴുക്ക് നിലച്ച പാര്‍വതി പുത്തനാറിനെ പുനരുജ്ജീവ്വിപ്പിക്കാനുള്ള പദ്ധതി എത്രയുംവേഗം പൂര്‍ത്തിയാക്കും എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൃത്തിയാക്കുംതോറും മാലിന്യങ്ങള്‍ വീണ്ടും തള്ളുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കുവാനായി ജനകീയപങ്കാളിത്തത്തോടെ കര്‍മ സേനയെ രൂപീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളില്ല എന്ന് പ്രതിജ്ഞ എടുക്കുന്നതിനൊപ്പം തന്നെ ഈ കര്‍മ സേനയിലെ അംഗങ്ങള്‍ മറ്റുള്ളവര്‍ മാലിന്യം വലിച്ചെറിയുന്നതിനെയും ചെറുക്കുന്നതാണ്. കൂടാതെ പാര്‍വതി പുത്തനാറിലേക്ക് മാലിന്യങ്ങള്‍ തള്ളുന്ന പ്രവണത അവസാനിപ്പിക്കുവാന്‍ പ്രദേശവാസികളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2018 ജൂണിലാണ് തിരുവനന്തപുരം നഗരത്തിന്റെ മാലിന്യവാഹിനിയായി ഒഴുകിയിരുന്ന പാര്‍വതി പുത്തനാറിന്റെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഉദ്യേശ കമ്പനി ആയ കേരള വാട്ടര്‍വേയ്സ് ആന്‍ഡ്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി (KWIL) നായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല.  പദ്ധതിയുടെ ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയുള്ള ശുചീകരണം പൂർത്തിയാക്കി.

വിദേശത്ത് നിന്നെത്തിച്ച സില്‍റ്റ് പുഷറെന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് കുളവാഴയും ചെളിയും ഒക്കെ നീക്കംചെയ്തത്. ആക്കുളം മുതല്‍ വള്ളക്കടവ് വരെ ആഴം കൂട്ടുകയും ബോട്ട് ഓടിക്കുകയും ചെയ്തു. എന്നാൽ വീണ്ടും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് ആക്കുളം മുതൽ വള്ളക്കടവ് വരെ വീണ്ടും ശുചീകരണം നടത്തേണ്ടി വന്നു. 1.3 കോടി രൂപയാണ് രണ്ടുതവണയായി ശുചീകരണത്തിനായി ചെലവാക്കിയത്. ടൺ കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.

കൂടാതെ ബോട്ട് ഗതാഗതത്തെ തടസപ്പെടുത്തുന്ന നിലയിൽ സ്ഥിതി ചെയ്യുന്ന കരിക്കകം, പുത്തൻപാലം, പനത്തുറ പാലങ്ങൾ ഉയരം കൂട്ടി നിർമിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സെപ്തമ്പർ മാസത്തോടെ ഈ  പാലങ്ങളുടെ നിർമാണം പൂർത്തിയാക്കും.

പാര്‍വതി പുത്തനാര്‍ പുനരുജ്ജീവനത്തിനായുള്ള വിശദമായ പദ്ധതി രൂപരേഖ കിഫ്ബിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ സമര്‍പ്പിച്ച പദ്ധതി രൂപരേഖയില്‍ തിരുത്തലുകള്‍ കിഫ്ബി ആവശ്യപ്പെട്ട ശേഷം 66.84 കോടി രൂപയുടെ പുതിയ പദ്ധതി രൂപരേഖ ഇക്കഴിഞ്ഞ ജനുവരി 18 ന് കിഫ്ബിക്ക് സമര്‍പ്പിച്ചു. മാലിന്യം നീക്കലും ആഴം കൂട്ടലും, തീര സംരക്ഷണം, മാലിന്യം തള്ളുന്നത് തടയാനുള്ള വേലികള്‍, തീരത്തെ വീടുകളില്‍ കക്കൂസ് നിര്‍മാണം, ഖര മാലിന്യ സംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാന്റ്, ജെട്ടികളുടെ നിര്‍മാണം ,സൗന്ദര്യവല്‍ക്കരണം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.