*ആദ്യഘട്ട കണക്കെടുപ്പ് മെയ് ഒന്നുമുതൽ 30 വരെ


*എൻ.പി.ആർ നടപ്പാക്കില്ല

രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി.

സെൻസസ് പ്രവർത്തനങ്ങളും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങളും രണ്ടാണെന്നും എൻ.പി.ആർ പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യാവലി കേരളത്തിൽ ശേഖരിക്കുന്നില്ലെന്നും ജനങ്ങൾക്ക് വ്യക്തത വരുത്തിനൽകാൻ ജില്ലാ കളക്ടർമാർ പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.

എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യാവലി സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഇക്കാര്യങ്ങൾ സർക്കാർ വീണ്ടും സ്പഷ്ടീകരിച്ചിട്ടും ചിലർ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.

സെൻസസിന്റെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പും 2020 മെയ് ഒന്നു മുതൽ 30 വരെ നടത്തും. രണ്ടാംഘട്ടമായ പോപുലേഷൻ എന്യുമറേഷൻ 2021 ഫെബ്രുവരി ഒൻപതു മുതൽ 28 വരെ നടത്തും.
രാജ്യത്ത് ആദ്യമായി നടത്തുന്ന മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ജനസംഖ്യ വിവരശേഖരണം സംസ്ഥാനത്ത് നൂറുശതമാനം വിജയമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.

10 വർഷത്തിലൊരിക്കൽ രാജ്യത്ത് നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ ശേഖരിക്കുന്ന നമ്മുടെ ഓരോരുത്തതുടെയും സാമ്പത്തിക-സാമൂഹിക-വ്യക്തിഗത വിവരങ്ങൾ നമ്മുടെ നാടിന്റെ അടുത്ത 10 വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. പാർലമെൻറിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള മണ്ഡല പുനർനിർണയത്തിനും സംവരണത്തിനുമടക്കം ആശ്രയിക്കുന്ന പ്രധാന വിവരസ്രോതസ് ആയതിനാലും ജനസംഖ്യാ കണക്കെടുപ്പുമായി എല്ലാ ജനങ്ങളെയും സഹകരിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദേശം നൽകി.

സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി (ഹൗസ് ലിസ്റ്റിംഗ് ആൻറ് ഹൗസിംഗ് സെൻസസ്) ബന്ധപ്പെട്ട് 31 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലി സർക്കാർ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്.

ചോദ്യങ്ങൾ ഇവയാണ്: കെട്ടിട നമ്പർ, സെൻസ്സ് വീടിന്റെ നമ്പർ, സെൻസസ് വീടിന്റെ നിലം ഭിത്തി മേൽക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സമാഗ്രികൾ, സെൻസ്സ് വീടിന്റെ ഉപയോഗം, സെൻസ്സ് വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പർ, കുടുംബത്തിൽ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ പെണ്ണോ മുന്നാം ലിംഗമോ, കുടുംബ നാഥൻ പട്ടിക ജാതിയോ/പട്ടിക വർഗമോ/മറ്റുളളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കുവാൻ ഈ കുടുംബത്തിന് മാത്രമായി കൈവശമുളള മുറികളുടെ എണ്ണം, ഈ കുടുംബത്തിൽ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെളള സ്രോതസ്സ്, കുടിവെളള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസ് ഉണ്ട്/ഇല്ല, ഏതു തരം കക്കൂസ്, അഴുക്കു വെളളക്കുഴൽ സംബന്ധിച്ച്, പരിസരത്തു കുളിക്കാനുളള സൗകര്യം, അടുക്കളയുടെ ലഭ്യത എൽ.പി.ജി/പി.എൻ.ജി കണക്ഷൻ, പാചകത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഇന്ധനം, റേഡിയോ/ട്രാൻസിറ്റർ ഇവ ഉണ്ടോ, ടെലിവിഷൻ ഉണ്ടോ, ഇന്റർനെറ്റ് ലഭ്യത, കമ്പ്യൂട്ടർ/ലാപ് ടോപ്, ടെലിഫോൺ/മൊബൈൽ ഫോൺ/സ്മാർട്ട് ഫോൺ, െസെക്കിൾ/മോട്ടർ സൈക്കിൾ/സ്‌കൂട്ടർ/മോപ്പഡ്, കാർ/ജീപ്പ്/വാൻ, കുടുംബത്തിൽ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം, മൊബൈൽ നമ്പർ (സെൻസസ് സംബന്ധമായ ആശയ വിനിമയങ്ങൾക്ക് മാത്രം).

അഡീ: ഡയറക്ടർ ജനറൽ ആൻറ് സെൻസസ് കമീഷണർ ഓഫ് ഇന്ത്യ ജനാർദ്ദൻ യാദവ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി മനോജ് എബ്രഹാം, സെൻസസ് ഡയറക്ടർ ടി. മിത്ര, സെൻസസ് വകുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ, നഗരകാര്യ, ലാൻറ് റവന്യൂ, വനം എന്നീ വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിച്ചു.