കൊറോണ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയ ആറു പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ 49 പേരാണ് വീടുകളില്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നത്. ജപ്പാന്‍ ജര്‍മ്മനി, സൗദി അറേബ്യ എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണിവര്‍. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കിടയില്‍ നിന്നും രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 28 ദിവസം നീളുന്ന കാലയളവില്‍ പുറത്തിറങ്ങാന്‍ പാടില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി ഇവര്‍ പാലിക്കേണ്ടേതാണ്. മാനന്തവാടി ജില്ലാസ്പത്രി, കല്‍പ്പറ്റ ജനറല്‍ ആസ്പത്രി, മേപ്പാടി വിംസ് ആസ്പത്രി എന്നിവിടങ്ങളില്‍ കൊറോണ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിദിന യോഗത്തില്‍ സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം തങ്കച്ചന്‍ ആന്റണി, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.ബി.അഭിലാഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.