സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2826 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 2743 പേർ വീടുകളിലും, 83 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 263 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 229 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ രോഗബാധ സംശയിക്കുന്നവരുടെ തുടർചികിൽസയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എൻ.ഐ.വി യുണിറ്റിൽ സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ജീവനക്കാർക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാർക്കും വേണ്ട പത്തോളം പരിശീലന സഹായികൾ വിഡിയോ രൂപത്തിൽ തയ്യാറാക്കി ‘കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിംഗ്’ എന്ന ആരോഗ്യവകുപ്പിന്റെ യുട്യുബ് ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (https://www.youtube.com/c/keralahealthonlinteraining).  നാളിതു വരെ 20 വിഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊറോണ രോഗബാധ നിയന്ത്രണത്തിനായി ആരോഗ്യ വകുപ്പിനെ സുസജ്ജമാക്കുന്നതിന് ട്രെയിനിംഗ് ഡിവിഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ഇതര വകുപ്പുകളിലെ ജീവനക്കാരേയും സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ ജനപ്രതിനിധികൾ എന്നിവരേയും പരിശീലിപ്പിക്കുന്നു. തുടർ പരിശീലനങ്ങളിലൂടെ കൊറോണയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഈ പരിശീലന പരിപാടികളുടെ ആത്യന്തിക ലക്ഷ്യം.
സംസ്ഥാന കൺട്രോൾ റൂമും ജില്ല കൺട്രോൾ റൂമുകളും തമ്മിൽ പ്രാധാന്യമേറിയ വിവരങ്ങൾ കൈമാറുന്നതിനും വിശകലനം ചെയ്യുന്നതിനും ഏകജാലക സംവിധാനം ഏർപ്പെടുത്തി.

സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും അവശ്യ മാനവവിഭവശേഷി ഉറപ്പുവരുത്താനായുള്ള ടീമുകളെ വിന്യസിച്ചു. വിമാനത്താവള നിരീക്ഷണത്തിനും, ആശുപത്രി നിരീക്ഷണത്തിനും ഗതാഗതസംവിധാനം ഉറപ്പുവരുത്താൻ മാനവവിഭവശേഷി എല്ലാ ജില്ലകളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്.

എല്ലാ ജില്ലകളിലേയും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ മതിയായ ഭൗതിക സാഹചര്യങ്ങളും പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിനായി സംസ്ഥാനത്തൊട്ടാകെ 191 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2173 ടെലിഫോണിക്ക് കൗൺസിലിംഗ് സേവനങ്ങൾ ഇതുവരെ ലഭ്യമാക്കി.