കോഴിക്കോട് ജില്ലയില്‍ കൊറോണയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍. ഏതു സാഹചര്യത്തേയും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചതിന് ശേഷം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരോട് അദേഹം പറഞ്ഞു. കരുതലാണ് വേണ്ടത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം. കലക്ടറുടെ നേതൃത്വത്തില്‍ ഓരോ ദിവസത്തേയും സ്ഥിതിഗതികള്‍ അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ്പയെ നമുക്ക് നേരിടാന്‍ കഴിഞ്ഞത് ജനങ്ങളുടെ ജാഗ്രതയും സഹകരണവും കൊണ്ടാണ്. കൊറോണയുടെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടെ നില്‍ക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ ആരോഗ്യ വകുപ്പ് കൃത്യമായി പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.വാര്‍ഡ് തലത്തില്‍ സമിതികള്‍ രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കി വരുന്നു. ഇതിനായി ആശാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നേതൃസ്ഥാനത്തുണ്ട്. ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും സ്വകാര്യ ആശുപത്രികള്‍ നടത്തിയ മുന്നൊരുക്കളും മന്ത്രി വിലയിരുത്തി.

യോഗത്തില്‍ എ.ഡി.എം റോഷ്‌നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡി.എം.ഒ ഡോ. രാജശ്രീ.വി, അഡീഷണല്‍ ഡി.എം.ഒ മാരായ ഡോ.എന്‍ രാജേന്ദ്രന്‍, ഡോ. ആശാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ ഷീല മാത്യു, ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീജിത്ത് തുടങ്ങിയവും സന്നിഹിതരായി.