കളക്ടറേറ്റിലെ എ.പി.ജെ., പഴശ്ശി ഹാളുകളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന പരിശീലനത്തില്‍ 356 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ആദ്യദിവസം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, ആര്‍.ബി.എസ്.കെ നഴ്‌സുമാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ എന്നിവര്‍ കൊറോണ വൈറസ് അവബോധം നേടി. രണ്ടാം ദിനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായിരുന്നു പരിശീലനം. കൊറോണ വൈറസ്, രോഗം പടരാനുള്ള സാഹചര്യങ്ങള്‍, പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ബോധവല്‍ക്കരണം. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
